ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ചിത്രവുമായി തേജ് പ്രതാപ്
ബിഹാർ: അടുത്ത നാളുകളുകളിൽ ക്രിക്കറ്റിലാണ് രാഷ്ട്രീയത്തിന്റെ ഇന്നിങ്സുകൾ പിറക്കുന്നതെങ്കിൽ അതുക്കും മേലെ രാഷ്ട്രീയത്തിൽ ക്രിക്കറ്റിന്റെ പുതിയ ഇന്നിങ്സുമായി ക്രീസിലിറങ്ങുകയാണ് തേജ് പ്രതാപ് യാദവ്! ലാലു പ്രസാദ് യാദവിന്റെ മൂത്ത മകനും ജൻശക്തി ജനതാദൾ (ജെഡി) സ്ഥാപകനുമായ തേജ് പ്രതാപ് യാദവ് മഹുവ മണ്ഡലത്തിനായുള്ള തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഒരു സുപ്രധാന വാഗ്ദാനം നൽകിയിരിക്കുകയാണ്. തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ മഹുവ മണ്ഡലത്തിൽ ഒരുഅന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതും പോരാതെ സ്റ്റേഡിയത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഒരു ക്രിക്കറ്റ് മത്സരം നടത്തുമെന്നുമാണ് വാഗ്ധാനം.
തേജ് പ്രതാപ് യാദവ് തന്റെ മൊബൈൽ ഫോണിൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഒരു രൂപരേഖ തയാറാക്കിയിട്ടുണ്ട്. മഹുവയിൽ പ്രചാരണം നടത്തുന്നതിനിടെ ഒരു ടി.വി ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയതും ഭാവിയിൽ താൻ നിർമിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ചിത്രം തേജ് പ്രതാപ് കാണിച്ചു കൊടുത്തതും. ഈ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അദ്ദേഹത്തിന്റെ വാഗ്ധാനം തെരഞ്ഞെടുപ്പ് ലോകത്ത് പുതിയ ചർച്ചക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. പലരും ഈ നടപടിയെ പരിഹസിക്കുന്നെങ്കിലും യുവാക്കൾ തേജ് പ്രതാപിന്റെ വാഗ്ധാനം ഏറ്റെടുത്തിരിക്കുകയാണ്.
ക്രിക്കറ്റ് കാണാറുണ്ടോ എന്ന ചോദ്യത്തിന് "ഞാൻ ക്രിക്കറ്റ് കാണുകയും ക്രിക്കറ്റ് കളിക്കുമെന്നുമായി മറുപടി. പ്രിയപ്പെട്ട കളിക്കാരനെക്കുറിച്ച് ചോദിച്ചപ്പോൾ തേജ് പ്രതാപ് പറഞ്ഞത് നമ്മുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങൾ ഇപ്പോൾ പ്രായമായവരാണ്. പുതിയ കളിക്കാർ വന്നിട്ടുണ്ട്, എനിക്ക് അവരുടെ പേരുപോലും അറിയില്ല. പക്ഷേ ഇവിടുത്തെ ആളുകൾ, പ്രത്യേകിച്ച് യുവാക്കൾ, ഒരു ക്രിക്കറ്റ് സ്റ്റേഡിയം, നെറ്റ് പ്രാക്ടിസ്, മത്സരങ്ങൾ എന്നിവ ആവശ്യപ്പെടുന്നു. മഹുവ ദേശീയമായും അന്തർദേശീയമായും അറിയപ്പെടണം. ഒരു എൻജിനീയറിങ് കോളജും വിദ്യാഭ്യാസപരമായ എല്ലാ സൗകര്യങ്ങളും തൊഴിലും ഉണ്ടാക്കണമെന്നതാണ് ലക്ഷ്യമെന്ന് തേജ് പ്രതാപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.