ന്യൂഡൽഹി: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലവിലുള്ളതും വരാൻ സാധ്യതയുള്ളതുമായ താരിഫ് വർധനവിൽനിന്ന് ഒഴിവാക്കുന്നതിന് പകരമായി യു.എസിന് താരിഫ് ഇളവുകൾ വാഗ്ദാനം ചെയ്ത് ഇന്ത്യ. നിലവിൽ 13 ശതമാനത്തിൽ നിന്ന് 4ശതമാനത്തിൽ താഴെയാക്കാൻ ഇന്ത്യ വാഗ്ദാനം ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുമായുള്ള വ്യാപാര തടസ്സങ്ങൾ കുറക്കുന്നതിനുള്ള വലിയ നീക്കങ്ങളിലൊന്നായാണ് ഇതിനെ കാണുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക. 2024ലെ ഉഭയകക്ഷി വ്യാപാരം ഏകദേശം 129 ബില്യൺ ഡോളറാണ്.
വ്യാഴാഴ്ച ട്രംപ് ഭരണകൂടം ബ്രിട്ടനുമായുള്ള ആദ്യത്തെ കരാർ പ്രഖ്യാപിച്ചു. ഈ കരാറിൽ യു.എസ് സാധനങ്ങൾക്കുമേലുള്ള ശരാശരി താരിഫ് ബ്രിട്ടൻ കുറച്ചിട്ടുണ്ട്. പക്ഷേ, ബ്രിട്ടീഷ് സാധനങ്ങൾക്ക് യു.എസ് ഏർപ്പെടുത്തിയ 10 ശതമാനം അടിസ്ഥാന താരിഫ് നിലനിർത്തുന്നു. ഇത് മറ്റ് വ്യാപാര പങ്കാളികളുമായുള്ള യു.എസിന്റെ സമീപനത്തിന് ഒരു മാതൃകയായി മാറിയേക്കാം.
കഴിഞ്ഞ മാസം ട്രംപ് ആഗോള വ്യാപാര പങ്കാളികൾക്കുള്ള തന്റെ പുതിയ പരസ്പര താരിഫുകളിൽ 90 ദിവസത്തെ താൽക്കാലിക വിരാമം പ്രഖ്യാപിച്ചിരുന്നു. അതിൽ ഇന്ത്യക്കുമേലുള്ള 26 ശതമാനം താരിഫും ഉൾപ്പെടുന്നു. താൽക്കാലിക വിരാമ സമയത്തും ഇന്ത്യക്കും മറ്റ് പല രാജ്യങ്ങൾക്കും 10ശതമാനം അടിസ്ഥാന താരിഫ് ബാധകമാണ്.
ബ്രിട്ടനുശേഷം പുതിയ കരാർ അന്തിമമാക്കുന്ന രണ്ട് രാജ്യങ്ങൾ ഇന്ത്യയും ജപ്പാനുമാണ്. യു.എസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 90ശതമാനം ഉൽപന്നങ്ങളിലും കുറഞ്ഞ താരിഫുകൾ ഉൾപ്പടെ ഇന്ത്യ മുൻഗണനാക്രമത്തിൽ പ്രവേശനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.