ഗുജറാത്തിലെ കെവാഡിയയിൽ ‘മിഷൻ ലൈഫ്’ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ചേർന്ന് ഉദ്ഘാടനം ചെയ്തപ്പോൾ

ഇന്ത്യ ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കണം, വിദ്വേഷ പ്രസംഗങ്ങളെ അപലപിക്കണം -യു.എൻ സെക്രട്ടറി ജനറൽ

ന്യൂഡൽഹി: ന്യൂനപക്ഷ സമുദായങ്ങളിലെയുൾപ്പെടെ എല്ലാ വ്യക്തികളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ രാജ്യം മുന്നോട്ടുവരണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. വിദ്വേഷപ്രസംഗങ്ങൾ തള്ളിക്കളയാൻ തയാറാകണമെന്നും ബോംബെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടത്തിയ പ്രഭാഷണത്തിൽ ആവശ്യപ്പെട്ടു.

ആദ്യ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം രാജ്യത്തെത്തിയ അദ്ദേഹം ഇന്ത്യ- യു.എൻ സഹകരണത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു.

''മനുഷ്യാവകാശ കൗൺസിലിൽ തെരഞ്ഞെടുക്കപ്പെട്ട അംഗമെന്നനിലക്ക് ആഗോളതലത്തിൽ മനുഷ്യാവകാശങ്ങൾ രൂപപ്പെടുത്താനും എല്ലാ പൗരന്മാരുടെയും അവകാശങ്ങൾ സംരക്ഷിക്കാനും ഇന്ത്യക്ക് ബാധ്യതയുണ്ട്. രാജ്യത്തെ എല്ലാവരുടെയും അവകാശങ്ങൾ മാനിക്കപ്പെടുമ്പോഴേ ലോകത്തിനു മുന്നിൽ വിശ്വാസ്യത നേടാൻ രാജ്യത്തിനാകൂ. ഇന്ത്യയിലെ ബഹുസ്വരത ലളിതവും എന്നാൽ, ആഴത്തിലുള്ളതുമായ ധാരണ അടിസ്ഥാനമാക്കിയുള്ളതാണ്. വൈവിധ്യമാണ് രാജ്യത്തെ ശക്തിപ്പെടുത്തുന്നത്'' -അദ്ദേഹം പറഞ്ഞു.

ബഹുസ്വരതയുടെ ഇന്ത്യൻ മോഡൽ പരിപോഷിപ്പിക്കപ്പെടുകയും ശാക്തീകരിക്കുകയും വേണം. ഗാന്ധിജിയുടെ മൂല്യങ്ങൾ ആചരിക്കുകയും എല്ലാ സമൂഹത്തിന്റെയും അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുമ്പോഴേ ഇത് സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കു നേരെ ആക്രമണങ്ങൾ അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ശക്തമായ ഭാഷയിൽ യു.എൻ സെക്രട്ടറി ജനറലിന്റെ പ്രതികരണം.

ഗുജറാത്തിൽ മോദി-ഗുട്ടെറസ് ചർച്ച

കെവാഡിയ (ഗുജറാത്ത്): ഗുജറാത്തിലെ കെവാഡിയയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി ചർച്ച നടത്തി. ബുധനാഴ്ച മുതൽ ത്രിദിന സന്ദർശനത്തിനായി ഗുട്ടെറസ് ഇന്ത്യയിലുണ്ട്.

'സുസ്ഥിരത'യിലേക്കുള്ള ജനങ്ങളുടെ സമീപനം മാറ്റുന്നതിനായി രൂപകൽപന ചെയ്ത 'മിഷൻ ലൈഫ്' പദ്ധതി പിന്നീട് ഇരുവരും ചേർന്ന് ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ പ്രഥമ സൗരോർജ ഗ്രാമമായ മൊധേര ഗുട്ടെറസ് സന്ദർശിച്ചു.

Tags:    
News Summary - 'India Must Protect Minority Rights': UN Secretary-General António Guterres

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.