ന്യൂഡൽഹി: 2025ൽ 3500 ഇന്ത്യൻ കോടീശ്വരന്മാർ രാജ്യം വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് എന്ന കമ്പനിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഇന്ത്യൻ കോടീശ്വരന്മാർ വിദേശത്ത് സ്ഥിരതാമസമാക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൽ സൂചിപ്പിക്കുന്നത്.
2014നും 2024നും ഇടയിൽ ഇന്ത്യയിലെ കോടീശ്വരന്മാരുടെ എണ്ണം 72 ശതമാനം വർധിച്ചുവെങ്കിലും അവരിൽ അധികവും വിദേശത്തേക്ക് താമസം മാറാൻ ആഗ്രഹിക്കുന്നവരാണ്. ആളുകൾ രാജ്യം വിടുമ്പോൾ അവരുടെ സമ്പത്തും കൂടെ കൊണ്ടുപോകുന്നു. ഇന്ത്യയിൽനിന്ന് കോടീശ്വരന്മാർ കുടിയേറുമ്പോൾ ഏകദേശം 26.2 ബില്യൺ യു.എസ് ഡോളർ സമ്പത്തും കൊണ്ടുപോകുന്നുണ്ടെന്നാണ് റിപ്പോർട്ട്.
2023ൽ 5,100 ഇന്ത്യൻ കോടീശ്വരന്മാർ രാജ്യം വിടുമെന്നായിരുന്നു കണക്കുകൾ. 2024ൽ ഇത് 4,300 ആയി കുറഞ്ഞു. 2025ൽ 142,000 കോടീശ്വരന്മാർ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ട്.
യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ), യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇറ്റലി, സ്വിറ്റ്സർലൻഡ്, സൗദി അറേബ്യ എന്നിവയാണ് ഈ സാമ്പത്തിക കുടിയേറ്റത്തെ ആകർഷിക്കുന്ന ലക്ഷ്യസ്ഥാനങ്ങൾ. പ്രത്യേകിച്ച് യു.എ.ഇ 2025ൽ 9,800 പുതിയ കോടീശ്വരന്മാരെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യു.എ.ഇയുടെ നികുതി വ്യവസ്ഥ, ദീർഘകാല വിസ പ്രോഗ്രാമുകൾ, നയ സ്ഥിരത എന്നിവ ഇതിന് സഹായകമാകുന്നു. അതേസമയം ഇറ്റലി, സ്വിറ്റ്സർലൻഡ് പോലുള്ള രാജ്യങ്ങളിലെ ജീവിതശൈലിയും നികുതി ആനുകൂല്യങ്ങളും ഇവരെ ആകർഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.