അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യ-ചൈനീസ് വിമാന സർവീസ് പുനരാരംഭിച്ചു

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് വിമാന സര്‍വീസ് പുനരാരംഭിച്ചു. കൊല്‍ക്കത്തയില്‍ നിന്ന് ഗ്വാങ്ഷൂവിലേക്കുള്ള ആദ്യ വിമാനം കൊൽക്കത്തയിലെ സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിൽ നിന്ന് ഇന്ന് രാത്രി 10 മണിക്കാണ് ആരംഭിക്കുക. ഷാങ്ഹായ്-ന്യൂഡല്‍ഹി വിമാനം നവംബര്‍ ഒൻപത് മുതല്‍ സര്‍വീസ് ആരംഭിക്കും. ആഴ്ചയില്‍ മൂന്ന് വിമാനങ്ങളാണ് ഉണ്ടാകുക.

ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യു ജിങ് ഇക്കാര്യം സ്ഥിരീകരിച്ചു. 'ചൈനക്കും ഇന്ത്യക്കും ഇടയിലുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നു' യു ജിങ് എക്സില്‍ കുറിച്ചു.

കോവിഡ്-19 മഹാമാരി സമയത്ത്, 2020 ന്റെ തുടക്കം മുതൽ, ചൈനീസ് പ്രത്യേക ഭരണ മേഖലയായ ഹോങ്കോങ്ങ് ഒഴികെയുള്ള രാജ്യങ്ങൾക്കിടയിലുള്ള എയർലൈൻ സേവനങ്ങൾ നിർത്തിവച്ചിരുന്നു.

2020ലെ ഗല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തെ തുടര്‍ന്നാണ് പിന്നീട് സർവീസ് പുനരാരംഭിക്കാതിരുന്നത്. വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്‍ഡിഗോ സര്‍വീസ് പ്രഖ്യാപിച്ചിരുന്നു.

കോവിഡ് -19 താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന് സര്‍വീസുകള്‍ പുനരാരംഭിക്കുന്ന ആദ്യ എയര്‍ലൈനുകളില്‍ ഒന്നായിരിക്കുമെന്ന് ഇന്‍ഡിഗോ ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. 2025 ഒക്ടോബര്‍ 26 മുതല്‍ എയര്‍ബസ് എ 320 നിയോ വിമാനങ്ങള്‍ കൊല്‍ക്കത്തക്കും ഗ്വാങ്ഷൂവിനും ഇടയില്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചത്.

ഷാങ്ഹായ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും നടത്തിയ ചര്‍ച്ചകളും ഇരു രാജ്യങ്ങളുടെയും വിദേശകാര്യ, വ്യോമയാന മന്ത്രാലയങ്ങളുടെ സാങ്കേതിക കൂടിയാലോചനകള്‍ എന്നിവയുമാണ് വിമാന സർവീസ് പനരാരംഭിക്കാൻ കാരണമായത്. അതിര്‍ത്തി കടന്നുള്ള വ്യാപാരത്തിനും തന്ത്രപരമായ ബിസിനസ് പങ്കാളിത്തങ്ങള്‍ക്കും പുതിയ വഴികള്‍ തുറക്കുന്ന സര്‍വീസ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ടൂറിസം പ്രോത്സാഹിപ്പിക്കാനും കാരണമാകുമെന്നാണ് പ്രതീക്ഷ.

ഇന്ത്യക്കും ചൈനക്കും ഇടയിൽ നേരിട്ടുള്ള വിമാനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ ടിക്കറ്റ് നിരക്കും ദീർഘമായ യാത്രാ സമയവും കാരണം യാത്രക്കാർ വലിയ ദുരിതത്തിലായിരുന്നു. 

Tags:    
News Summary - India-China direct flights to resume today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.