ak 630 വ്യോമ പ്രതിരോധ സംവിധാനം
ന്യൂഡൽഹി: ആറ് പുതിയ AK-630 വ്യോമ പ്രതിരോധ തോക്ക് സംവിധാനങ്ങൾ വാങ്ങുന്നതിനായി സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയായ അഡ്വാൻസ്ഡ് വെപ്പൺസ് ആൻഡ് എക്യുപ്‌മെന്റ് ഇന്ത്യ ലിമിറ്റഡിന് (AWEIL) സൈന്യം ടെൻഡർ നൽകി.പാകിസ്താൻ അതിർത്തിയിലെയും മറ്റു തന്ത്രപ്രധാനസ്ഥലങ്ങളിലെയും സുരക്ഷ കൂടുതൽ ശക്തിപ്പെടുത്താനാണിത്. ജമ്മു-കശ്മീരിലെയും പഞ്ചാബിലെയും ജനവാസ മേഖലകളെയും ആരാധന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് പാകിസ്താൻ സൈന്യം നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തോക്ക് സംവിധാനങ്ങളുടെ ആവശ്യകത അനുഭവപ്പെട്ടത്. ഈ പ്രദേശങ്ങളിൽ വ്യോമാക്രമണ ഭീഷണിയടക്കം നിലനിൽക്കുന്നതിനാൽ ഈ പ്രതിരോധ സംവിധാനത്തിന്റെ വിന്യാസം മേഖലയിൽ മികച്ച സംരക്ഷണം നൽകും.
ഈ തോക്ക് സംവിധാനങ്ങൾ ‘മിഷൻ സുദർശൻ ചക്ര’യുടെ ഭാഗമാണ്. ആഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് സുദർശൻ ചക്ര ദൗത്യം പ്രഖ്യാപിച്ചത്. 2035 ഓടെ ഒരു തദ്ദേശീയ, ബഹുതല സുരക്ഷാ കവചം സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം, അതിൽ നിരീക്ഷണം, സൈബർ സുരക്ഷ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്നു.AK-630 ഒരു 30mm മൾട്ടി-ബാരൽ മൊബൈൽ ഗൺ സിസ്റ്റമാണ്, മിനിറ്റിൽ ഏകദേശം 3,000 റൗണ്ടുകൾ വെടിവെക്കാൻ കഴിയും, കൂടാതെ നാലു കിലോമീറ്റർ ദൂരപരിധിയുമുണ്ട്. ഇത് ഒരു ട്രെയിലറിൽ ഘടിപ്പിച്ച് ഒരു ഹൈ-മൊബിലിറ്റി വാഹനം ഉപയോഗിച്ച് വലിച്ചുകൊണ്ടുപോകാവുന്നതാണ്.
ഡ്രോണുകൾ, റോക്കറ്റുകൾ, പീരങ്കികൾ, മോർട്ടാർ ഷെല്ലുകൾ പോലുള്ള വ്യോമാക്രമണങ്ങളെ തടയാൻ ഈ സംവിധാനത്തിന് കഴിയും. ഏത് കാലാവസ്ഥയിലും ലക്ഷ്യങ്ങൾ തിരിച്ചറിയാൻ കഴിയുന്നതും ഏതു കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ഇലക്ട്രോ-ഒപ്റ്റിക്കൽ ഫയർ കൺട്രോൾ സിസ്റ്റവും ഇതിൽ ഉണ്ടായിരിക്കും.
ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ സിസ്റ്റത്തിന്റെ (ഐഎഡിഡബ്ല്യുഎസ്) ആദ്യ പരീക്ഷണം വിജയകരമായിരുന്നു. ആഗസ്റ്റ് 24 ന് ഒഡീഷ തീരത്ത് വെച്ചാണ് ഈ പരീക്ഷണം നടത്തിയത്.
ശത്രു വ്യോമാക്രമണങ്ങളെ ചെറുക്കുന്നതിനായി രൂപകൽപന ചെയ്ത ഒരു മൾട്ടി-ലെയർ എയർ ഡിഫൻസ് സിസ്റ്റമാണ് ഐഎഡിഡബ്ല്യുഎസ്. ഇതിൽ എല്ലാ തദ്ദേശീയ ക്വിക്ക് റിയാക്ഷൻ സർഫേസ്-ടു-എയർ മിസൈലുകളും (ക്യുആർഎസ്എഎം), അഡ്വാൻസ്ഡ് വെരി ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റം (വിഎസ്എച്ച്ഒആർഎഡിഎസ്), ഹൈ-പവർ ലേസർ അധിഷ്ഠിത ഡയറക്ട് എനർജി വെപ്പൺസ് (ഡിഇഡബ്ല്യു) എന്നിവ ഉൾപ്പെടുന്നു.
മേയ് 13 ന് പഞ്ചാബിലെ ആദംപുർ എയർബേസിൽ നിന്ന് പ്രധാനമന്ത്രി മോദി പ്രശംസിച്ച വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യയുടെ ആകാശ് തിർ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റമാണ്. ഓപറേഷൻ സിന്ദൂറിനിടെ, പാകിസ്താനിൽനിന്ന് വന്ന നൂറുകണക്കിന് ഡ്രോണുകൾ, മിസൈലുകൾ, റോക്കറ്റുകൾ എന്നിവ ആകാശത്ത് വെടിവെച്ചു വീഴ്ത്തിയതും ഈ സിസ്റ്റമാണ്. ഇതിനെ ഇന്ത്യയുടെ അയൺ ഡോം എന്നാണ് വിളിക്കുന്നത്.
ഇന്ത്യൻ സൈന്യത്തിനുവേണ്ടി ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ), ഇന്ത്യൻ സ്‌പേസ് റിസർച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ), ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (ബി.ഇ.എൽ) എന്നിവ സംയുക്തമായി രൂപകൽപന ചെയ്ത് തദ്ദേശീയമായി നിർമിച്ച ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത വ്യോമ പ്രതിരോധ സംവിധാനമാണ് ആകാശ് തിർ.
താഴ്ന്ന നിലയിലുള്ള വ്യോമാതിർത്തി നിരീക്ഷിക്കുകയും കരയിലുള്ള വ്യോമ പ്രതിരോധ ആയുധ സംവിധാനങ്ങൾ നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ദൗത്യം. ആകാശ് തിർ റഡാർ, സെൻസറുകൾ, ആശയവിനിമയ സംവിധാനങ്ങൾ എന്നിവ സംയോജിപ്പിച്ച് വ്യോമ ഭീഷണികൾ തത്സമയം കണ്ടെത്താനും പിന്തുടർന്ന് നിർവീര്യമാക്കാനും ഇതിന് കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.