വോട്ടിങ് ശതമാനം, ബി.ജെ.പിയുടെ മതചിഹ്നങ്ങളുടെ ഉപയോഗം; ഇൻഡ്യ സഖ്യം തെരഞ്ഞെടുപ്പ് കമീഷനെ കാണും

ന്യൂഡൽഹി: ഇൻഡ്യ സഖ്യനേതാക്കൾ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമീഷനുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഓരോ ഘട്ട തെരഞ്ഞെടുപ്പിന് ശേഷവും വോട്ടിങ് ശതമാനം കൃത്യമായ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെടാനാണ് ഇൻഡ്യ സഖ്യം തെരഞ്ഞെടുപ്പ് കമീഷനുമായി കൂടി​ക്കാഴ്ച നടത്തുന്നത്. ഇതിനൊപ്പം ബി.ജെ.പി മതചിഹ്നങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗിക്കുന്നതും സഖ്യനേതാക്കൾ കമീഷന്റെ ശ്രദ്ധയിൽപ്പെടുത്തും.

വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ് കമീഷനെ കാണാൻ നിശ്ചയിച്ചതെങ്കിലും പിന്നീട് ഇത് വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ഇൻഡ്യ സഖ്യത്തിലെ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സി.പി.എം എന്നീ പാർട്ടികൾ വോട്ടിങ് ശതമാനം പ്രസിദ്ധീകരിക്കാൻ വൈകുന്നതിൽ ആശങ്കയറിയിച്ച് കമീഷന് കത്തയച്ചിരുന്നു. ആദ്യ രണ്ട് ഘട്ടത്തിലും വോട്ടിങ് ശതമാനം പ്രസിദ്ധീകരിക്കാൻ വൈകിയെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.

ആരോപണങ്ങൾക്കിടെ ഓരോ ബൂത്തുകളിലും എത്ര വോട്ടുകൾ പോൾ ചെയ്തുവെന്ന കാര്യം സ്ഥാനാർഥികളെ അറിയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. നേരത്തെ വോട്ടിങ് ശതമാനത്തിലുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇൻഡ്യ ബ്ലോക്ക് നേതാക്കൾക്ക് കത്തയച്ചിരുന്നു. ഒരുമിച്ച് നിന്ന് ഇതിനെതിരെ ശബ്ദമുയർത്തണമെന്നും ഖാർഗെ ആവശ്യപ്പെട്ടിരുന്നു. ​

ആദ്യത്തെ രണ്ട് ഘട്ട തെരഞ്ഞെടുപ്പുകളിലും യഥാക്രമം 66.14 ശതമാനവും 66.71 ശതമാനവുമാണ് പോളിങ്. മൂന്നാംഘട്ടത്തിൽ 65.55 ശതമാനവും പോളിങ് രേഖപ്പെടുത്തി. നിരന്തരമായി ബി.ജെ.പി തെര​ഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നതിലും ഇൻഡ്യ സഖ്യത്തിന് പ്രതിഷേധമുണ്ട്.

Tags:    
News Summary - INDIA bloc to meet EC over voter turnout, BJP’s use of religious symbols

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.