ന്യൂഡൽഹി: ഇൻഡ്യ സംഖ്യം എം.പിമാർ വോട്ടർപട്ടിക തീവ്ര പരിശോധനക്കെതിരായ പ്രതിഷേധവുമായി രാജ്യസഭയുടെ നടുത്തളത്തിൽ ഇറങ്ങുന്നത് നേരിടാൻ സി.ഐ.എസ്.എഫുകാരെ ഇറക്കിയതിനെ ചൊല്ലി രാജ്യസഭയിൽ വൻ പ്രതിഷേധം. പുരുഷ സി.ഐ.എസ് എഫുകാർ താനടക്കമുള്ള വനിത എം.പിമാരെ കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് രേണുക ചൗധരിയും സുസ്മിതാദേവും രംഗത്തുവന്നതോടെ പ്രതിഷേധം കനത്തു. ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം നേരിടാൻ രാജ്യസഭയിൽ സി.ഐ.എസ്.എഫ് ഭടന്മാരെ ഇറക്കാൻ സർക്കാർ തീരുമാനിച്ചതാണ് പ്രകോപനങ്ങൾക്ക് വഴിവെച്ചത്.
പാർലമെൻറിൽ സാധാരണഗതിയിൽ എംപിമാരെ തടയാൻ മാർഷലുകളെയാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ പുതിയ പാർലമെൻറ് നിർമിച്ചശേഷം ഉണ്ടായ ആക്രമണത്തെ തുടർന്ന് സുരക്ഷ സംവിധാനങ്ങൾ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള സി.ഐ.എസ്.എഫിനെ ഏൽപ്പിക്കുകയായിരുന്നു. അപ്പോഴും സഭക്കുള്ളിൽ അവരെ നിയോഗിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ എം.പിമാരെ നേരിടാൻ സി.ഐ.എസ്.എഫുകാരെ ഇറക്കുന്നത് കണ്ട പ്രതിപക്ഷം ഇത് ചോദ്യം ചെയ്തു .
രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ഇതിനെതിരെ ഡെപ്യൂട്ടി ചെയർമാന് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടി ഉപാധ്യക്ഷൻ ചൊവ്വാഴ്ച റൂളിങ്ങായി വായിച്ചുകേൾപ്പിച്ചു. നടുത്തളത്തിൽ ഇറങ്ങിയത് സി.ഐ.എസ്.എഫ് ആണെങ്കിലും അവരെ മാർഷലുകളായി കണക്കാക്കാം എന്നായിരുന്നു റൂളിങ്. ഇത് ചോദ്യംചെയ്താണ് പ്രതിപക്ഷ നേതാക്കൾ പ്രതിഷേധവുമായി എഴുന്നേറ്റത്.
തുടർന്ന് രണ്ടുമണിവരെ സഭ നിർത്തിവെച്ചു. വീണ്ടും ചേർന്നപ്പോൾ സി.ഐ.എസ്.എഫുകാരുടെ ഇടപെടൽ പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. അവഗണിച്ച് മുന്നോട്ടുപോയ രേണുക ചൗധരിയെയും സുസ്മിതാദേവിയെയും ബലംപ്രയോഗിച്ച് തടഞ്ഞു. ബഹളത്തിനിടയിൽ ബില്ല് പാസാക്കി സഭ ബുധനാഴ്ചത്തേക്ക് പിരിയുകയാണെന്ന് ഹരിവൻഷ് അറിയിക്കുകയും ചെയ്തു. പൊലീസിനെ ഇറക്കി തങ്ങളെ പേടിപ്പിക്കാമെന്ന് മോദിയും അമിത്ഷായും കരുതേണ്ടെന്ന് സഭ വിട്ടിറങ്ങിവന്ന രേണുക ചൗധരി ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.