ഇന്ത്യാ സഖ്യത്തിൽ യോഗ്യരായ നിരവധി പ്രധാനമന്ത്രി സ്ഥാനാർഥികളുണ്ട് -ഉദ്ധവ് താക്കറെ

മുംബൈ: ഇന്ത്യാ സഖ്യത്തിൽ യോഗ്യരായ നിരവധി പ്രധാനമന്ത്രി സ്ഥാനാർഥികൾ ഉണ്ടെന്ന് ശിവസേന (യു.ബി.ടി) തലവൻ ഉദ്ധവ് താക്കറെ. സഖ്യത്തിനുള്ളിൽ ഇതുസംബന്ധിച്ച് തീരുമാനമായിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ വെളിപ്പെടുത്തേണ്ട കാര്യമില്ലെന്നും ഉദ്ധവ് പറഞ്ഞു. രാജ്യത്തിന്‍റെ ജനാധിപത്യവും സ്വാതന്ത്ര്യവും സംരക്ഷിക്കുക എന്നതാണ് ഇന്ത്യാ സഖ്യത്തിന്‍റെ പ്രാഥമിക ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്കുശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എൻ.സി.പി തലവൻ ശരദ് പവാർ, സഖ്യത്തിലെ മറ്റു പാർട്ടി നേതാക്കൾ എന്നിവർക്കൊപ്പം നടത്തിയ സംയുക്ത വാർത്ത സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വിവിധ നേതാക്കളും മുദ്രാവാക്യങ്ങളുമുള്ള ഭിന്നാഭിപ്രായമുള്ള സംഘമാണ് ഇന്ത്യാ സഖ്യമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിന് നേരിട്ടുള്ള മറുപടിയായിരുന്നു താക്കറെയുടെ പരാമർശം. സഖ്യത്തിനുള്ളിൽ പ്രധാനമന്ത്രി പദത്തിനായി മത്സരമാണെന്നും അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് പ്രധാനമന്ത്രിമാരുമായി സഖ്യം അവസാനിക്കുമോയെന്നടക്കം മോദി പരിഹസിച്ചിരുന്നു.

പ്രധാനമന്ത്രി സ്ഥാനത്തിന് നമുക്ക് പല മുഖങ്ങളുണ്ടെന്ന് മോദിയെങ്കിലും സമ്മതിച്ചിട്ടുണ്ട്. എന്നാൽ ബി.ജെ.പിക്ക് ആ സ്ഥാനത്തേക്ക് ചിന്തിക്കാൻ മറ്റൊരു മുഖമില്ല. ഒരേ മുഖം എത്ര പ്രാവശ്യം ബി.ജെ.പി ഉയർത്തിക്കാട്ടും? ഇന്ത്യയ്ക്ക് ഒന്നിലധികം മുഖങ്ങളുണ്ടെന്നും അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് പ്രധാനമന്ത്രിമാരെ നൽകുമെന്നും പറഞ്ഞതിലൂടെ, ആ പദവിക്ക് അർഹതയുള്ള നിരവധി മുഖങ്ങൾ ഞങ്ങൾക്കുണ്ടെന്നും ഞങ്ങൾ സർക്കാർ രൂപീകരിക്കാൻ പോകുകയാണെന്നും പ്രധാനമന്ത്രി സമ്മതിച്ചിരിക്കുകയാണെന്നും താക്കറെ പറഞ്ഞു.

Tags:    
News Summary - INDIA bloc has several candidates for Prime Minister position says Uddhav Thackeray

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.