ന്യൂഡൽഹി: ഏഴ് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 13ൽ 10 സീറ്റുകളിലും ഇൻഡ്യ സഖ്യം മുന്നിൽ. പശ്ചിമബംഗാൾ, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഹിമാചൽപ്രദേശ്, തമിഴ്നാട്, പഞ്ചാബ്, ബിഹാർ സംസ്ഥാനങ്ങളിലെ നിയമസഭ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ സാധിക്കാതിരുന്ന ബി.ജെ.പിയെ സംബന്ധിച്ചടുത്തോളം നിർണായകമാണ് ഉപതെരഞ്ഞെടുപ്പ് ഫലം.
പശ്ചിമബംഗാളിലെ നാല് സീറ്റിലും തൃണമൂൽ കോൺഗ്രസാണ് മുന്നേറുന്നത്. ബാഗ്ദയിൽ തൃണമൂലിന്റെ മധുപർണ താക്കൂർ 12,000ത്തിലേറെ വോട്ടുകൾക്കാണ് മുന്നേറുന്നത്. റാണാഘട്ട്, മണികത്‍ല, റായിഗഞ്ച് മണ്ഡലങ്ങളിലും തൃണമൂൽ സ്ഥാനാർഥികളാണ് ലീഡ് ചെയ്യുന്നത്.
ഉത്തരാഖണ്ഡിലെ മാംഗലൂരിൽ കോൺഗ്രസ് സ്ഥാനാർഥി നിസാമുദ്ദീനാണ് ലീഡ് ചെയ്യുന്നത്. സംസ്ഥാനത്തെ മറ്റൊരു മണ്ഡലമായ ബദ്രിനാഥിലും കോൺഗ്രസിന്റെ ലാക്പാത് സിങ് ബുട്ടോലയാണ് മുന്നേറുന്നത്. ഹിമാചൽ പ്രദേശിലെ ദേഹ്റ മണ്ഡലത്തിൽ മുഖ്യമന്ത്രി സുഖ്‍വീന്ദർ സിങ് സുഖുവിന്റെ ഭാര്യ കമലേഷ് താക്കൂറാണ് മുന്നിൽ. നാൽഗാർഹ് മണ്ഡലത്തിലും കോൺഗ്രസിനാണ് മുന്നേറ്റം. എന്നാൽ, ഹാമിപൂരിൽ ബി.ജെ.പിയാണ് ലീഡ് ചെയ്യുന്നത്.
പഞ്ചാബിലെ ജലന്ധർ വെസ്റ്റ് മണ്ഡലത്തിൽ എ.എ.പിയാണ് ലീഡ് ചെയ്യുന്നത്. ബിഹാറിലെ രുപൗലി മണ്ഡലത്തിൽ ജെ.ഡി.യു സ്ഥാനാർഥിയും മുന്നേറുന്നുണ്ട്. മധ്യപ്രദേശിലെ അമർവാര നിയമസഭ മണ്ഡലത്തിൽ മൂന്ന് റൗണ്ട് വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ ബി.ജെ.പിയാണ് മുന്നേറുന്നത്. തമിഴ്നാട്ടിലെ വിക്രവാണ്ടിയിലും ഇൻഡ്യ സഖ്യ സ്ഥാനാർഥിയായ ഡി.എം.കെയുടെ അന്നിയൂർ ശിവയാണ് ലീഡ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.