ജുഡീഷ്യറിയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ വർധിക്കുന്നു​; 21 മുൻ ജഡ്ജിമാർ ചീഫ് ജസ്റ്റിസിന് കത്തയച്ചു

ന്യൂഡൽഹി: ആസൂത്രിതമായ സമ്മർദ്ദം, തെറ്റായ വിവരങ്ങൾ, അവഹേളനം എന്നിവയിലൂടെ ജുഡീഷ്യറിയെ ദുർബലപ്പെടുത്താനുള്ള ചില വിഭാഗങ്ങളുടെ ശ്രമങ്ങൾ വർദ്ധിക്കുന്നതിൽ ഉത്കണ്ഠ രേഖപ്പെടുത്തി സുപ്രീം കോടതിയിലെയും വിവിധ ഹൈക്കോടതികളിലെയും വിരമിച്ച 21 ജഡ്ജിമാർ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് കത്തയച്ചു. മുൻ സുപ്രീം കോടതി ജഡ്ജിമാരായ ദീപക് വർമ, കൃഷ്ണ മുരാരി, ദിനേഷ് മഹേശ്വരി, എം.ആർ. ഷാ എന്നിവരുൾപ്പെടെയുള്ള ജഡ്ജിമാർ ഈ മാസമാണ് കത്തയച്ചത്.

ജനാധിപത്യത്തിൻ്റെ അടിസ്ഥാന തത്വങ്ങൾക്ക് ഹാനികരമായ തെറ്റായ വിവരങ്ങളുടെ തന്ത്രങ്ങളെക്കുറിച്ചും ജുഡീഷ്യറിക്കെതിരായ പൊതുവികാരത്തെ കുറിച്ചും തങ്ങൾ പ്രത്യേകം ഉത്കണ്ഠാകുലരാണ്. ഒരാളുടെ വീക്ഷണങ്ങളുമായി പൊരുത്തപ്പെടുന്ന ജുഡീഷ്യൽ തീരുമാനങ്ങളെ പ്രശംസിക്കുകയും അല്ലാത്തവയെ രൂക്ഷമായി വിമർശിക്കുകയും ചെയ്യുന്ന രീതി ജുഡീഷ്യൽ അവലോകനത്തിൻ്റെയും നിയമവാഴ്ചയുടെയും സത്തയെ തകർക്കുകയാണെന്നും ജഡ്ജിമാർ കത്തിൽ രേഖപ്പെടുത്തി.

മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, ബി.സി.ഐ ചെയർമാൻ മനൻ കുമാർ മിശ്ര, എസ്‌.സി.ബി.എ പ്രസിഡൻ്റ് ആദിഷ് സി അഗർവാല എന്നിവരുൾപ്പെടെ 600ലധികം അഭിഭാഷകരുടെ സംഘം ചന്ദ്രചൂഡിന് കത്തെഴുതിയതിന് ആഴ്ചകൾക്ക് ശേഷമാണ് വിരമിച്ച ജഡ്ജിമാരുടെ കത്ത് വിവരം പുറത്തു വരുന്നത്. ക്ഷണികമായ രാഷ്ട്രീയ താൽപ്പര്യങ്ങളിൽ നിന്ന് മുക്തമായ, ജനാധിപത്യത്തിൻ്റെ സ്തംഭമായി ജുഡീഷ്യറി നിലനിൽക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ജഡ്ജിമാർ കത്തിൽ സൂചിപ്പിച്ചു.

Tags:    
News Summary - Increasing efforts to weaken the judiciary; 21 former judges have written to the Chief Justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.