യു.പിയിൽ കാറിനെ ബൈക്കിൽ മറികടന്നതിന്​ മാധ്യമപ്രവർത്തകനെ തല്ലിക്കൊന്നു

ലഖ്നൗ: കാറിനെ ബൈക്കിൽ മറികടന്നതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ മാധ്യമ​പ്രവർത്തകനെ മൂന്നുപേർ ചേർന്ന്​ കൊലപ്പെടുത്തി.​ ഉത്തർപ്രദേശിലെ സഹറൻപുരിൽ ബുധനാഴ്ച വൈകീട്ടാണ്​ സംഭവം. ചിൽക്കന നിവാസിയും മാധ്യമപ്രവർത്തനുമായ സുധീർ സൈനിയാണ് മരിച്ചത്.

സുധീർ സഞ്ചരിച്ച ബൈക്ക് പ്രതികളുടെ വാഹനത്തെ മറികടന്നതാണ് സംഘർഷത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. ഇദ്ദേഹം ബൈക്കിൽ സഹറൻപുരിലേക്ക് വരികയായിരുന്നു. ഇതിനിടയിലാണ്​ പ്രതികൾ സഞ്ചരിച്ച ആൾട്ടോ കാറിനെ മറികടക്കുന്നത്​. തങ്ങളുടെ വാഹനത്തെ മറികടന്നതിൽ പ്രകോപിതരായ പ്രതികൾ മാധ്യമപ്രവർത്തകനെ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു.

സുധീർ സൈനിയെ അടുത്തുള്ള ആശുപത്രിയിൽ ഉടൻ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്നവർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.

പ്രതികളായ ജഹാംഗീർ, ഫർമൻ എന്നിവരെ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. മൂന്നാമത്തെ പ്രതി ഒളിവിലാണെന്നും ഇയാളെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്നും സഹറാൻപുർ ഇന്‍സ്പെക്ടർ ആകാശ് തോമർ പറഞ്ഞു.

സംഭവം ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഒഫിസ്​, ജില്ലാ ഭരണകൂടത്തോട് റിപ്പോർട്ട് തേടി. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകുകയും ചെയ്തു.

Tags:    
News Summary - In UP, a journalist was beaten to death for overtaking a car on a bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.