തമിഴ്നാട്ടിലും നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട് ഗവർണർ

ചെന്നൈ: സുപ്രീംകോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്കയച്ച് ഗവർണർ ആർ.എൻ. രവി. നവംബർ 18ന് നിയമസഭ വീണ്ടും ചേർന്ന് പാസാക്കിയ ബില്ലുകളാണ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കൈമാറിയത്. ഗവർണർക്കെതിരായ സർക്കാറിന്‍റെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ബിൽ രാഷ്ട്രപതിക്ക് അയച്ചത്.

അതേസമയം, ബിൽ രാഷ്ട്രപതിക്ക് അയച്ച ഗവർണറുടെ നടപടിയെ വിമർശിച്ച് സംസ്ഥാന നിയമ മന്ത്രി രംഗത്തെത്തി. ഗവർണറുടെ നടപടി വൈകിപ്പിക്കൽ തന്ത്രമെന്ന് മന്ത്രി എസ്. രഘുപതി കുറ്റപ്പെടുത്തി.

നവംബർ 20ന് തമിഴ്നാട് സർക്കാറിന്‍റെ ഹരജി പരിഗണിച്ച സുപ്രീംകോടതി നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അനുമതി നൽകാൻ വൈകിപ്പിക്കുന്ന ഗവർണർ ആർ.എൻ. രവിയുടെ നടപടിക്കെതിരെ രൂക്ഷവിമർശനമാണ് നടത്തിയത്. 2020 മുതൽ ബില്ലുകൾ കെട്ടിക്കിടക്കുന്നുവെന്നും മൂന്നു വർഷമായി എന്ത് ചെയ്യുകയായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചോദിച്ചത്.

സമർപ്പിക്കപ്പെട്ട 181 ബില്ലുകളിൽ 162 എണ്ണത്തിന് ഗവർണർ അനുമതി നൽകിയതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ആർട്ടിക്ൾ 200 പ്രകാരം ഏത് സംസ്ഥാനത്തിന്‍റെ ഗവർണർമാർക്ക് ബില്ലുകൾക്ക് അനുമതി നൽകാം, ബില്ലുകൾ തടഞ്ഞുവെക്കാം, രാഷ്ട്രപതിക്ക് കൈമാറാം എന്നീ മൂന്നു നടപടികൾ സ്വീകരിക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ഒരു കാരണവും പറയാതെയാണ് ഗവർണർ ബില്ലുകൾ മടക്കി അയച്ചതെന്നും ഭരണഘടന മൂല്യങ്ങൾ ലംഘിക്കുകയാണെന്നും തമിഴ്നാട് സർക്കാർ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

തമിഴ്നാട്ടിൽ ആർ.എൻ. രവി ഗവർണർ പദവിയിലിരു​ന്ന് സംസ്ഥാന സർക്കാറുമായി ഏറ്റുമുട്ടുന്നതിനിടെയാണ് പോരാട്ടം സുപ്രീംകോടതിയിലേക്ക് നീണ്ടത്. ഗവർണർ ആർ.എൻ. രവി തിരിച്ചയച്ചതിന് പിന്നാലെ തമിഴ്‌നാട് നിയമസഭ പ്ര​​​ത്യേക സമ്മേളനം ചേർന്ന് 10 ബില്ലുകൾ വീണ്ടും പാസാക്കി ഗവർണറുടെ അനുമതിക്കായി അയക്കുകയായിരുന്നു.

12 ബില്ലുകളിലാണ് ഗവർണർ ഒപ്പിടാനുള്ളത്. ഇതിൽ നാല് ഔദ്യോഗിക ഉത്തരവുകളും 54 തടവുകാരുടെ നേരത്തെയുള്ള മോചനം സംബന്ധിച്ച ഫയലും ഉൾപ്പെടും.

Tags:    
News Summary - In Tamil Nadu too, the Governor left the bills passed by the Assembly to the President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.