മുർഷിദാബാദിൽ അക്രമമുണ്ടായതിന്‍റെ പിറ്റേ ദിവസം യൂസുഫ് പത്താൻ എം.പി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രം 

മുർഷിദാബാദിലെത്താതെ യൂസുഫ് പത്താൻ; ചർച്ചയായി എം.പിയുടെ അസാന്നിധ്യം, പാർട്ടിക്കുള്ളിൽ നിന്നുപോലും വിമർശനം

കൊൽക്കത്ത: വഖഫ് നിയമഭേദ​ഗതിക്കെതിരെയുള്ള സമരത്തിനിടെ വ്യാപക സംഘർഷമുണ്ടായിട്ടും യൂസുഫ് പത്താൻ എം.പി മുർഷിദാബാദ് സന്ദർശിക്കാത്തതിനെ രാഷ്ട്രീയ ആയുധമാക്കി ബി.ജെ.പി. യൂസുഫ് പത്താന്റെ മണ്ഡലമായ ബഹരാംപൂർ ഉൾപ്പെടുന്ന ജില്ലയാണ് മുർഷിദാബാദ്. സ്ഥലത്തെത്താതിരുന്ന എം.പിക്കെതിരെ തൃണമൂൽ കോൺഗ്രസിനുള്ളിൽ നിന്നുതന്നെ പ്രതിഷേധമുയർന്നിട്ടുണ്ട്.

മുർഷിദാബാദ് ജില്ലയിൽ മൂന്ന് ലോക്സഭ മണ്ഡലങ്ങളാണുള്ളത്. ബഹരാംപൂരിനെ കൂടാതെ മുർഷിദാബാദ്, ജംഗിപൂർ എന്നിവയാണ് മറ്റ് മണ്ഡലങ്ങൾ. വഖഫ് നിയമഭേദ​ഗതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ മുർഷിദാബാദിൽ പലയിടത്തും സംഘർഷത്തിലേക്കും അക്രമത്തിലേക്കും നയിച്ചിരുന്നു. വ്യാപക അക്രമമുണ്ടായതിന്‍റെ പിറ്റേ ദിവസം യൂസുഫ് പത്താൻ എം.പി ഇൻസ്റ്റഗ്രാമിൽ ചായകുടിച്ച് നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത് വിമർശനത്തിനിടയാക്കി. 

'മനോഹരമായ വൈകുന്നേരം, നല്ല ചായ, ശാന്തമായ ചുറ്റുപാടുകൾ. ഈ നിമിഷത്തിൽ ഞാൻ മുഴുകട്ടെ' -എന്നായിരുന്നു അടിക്കുറിപ്പ്. ഇതോടെ പത്താനെതിരെ വ്യാപക വിമർശനമുയർന്നു. പത്താന്‍റെ പോസ്റ്റ് ബി.ജെ.പി ആയുധമാക്കുകയും ചെയ്തു. 'ബംഗാൾ കത്തുകയാണ്. കണ്ണടയ്‌ക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി പറയുകയും കേന്ദ്ര സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. പൊലീസ് നിശബ്ദരായിരിക്കുമ്പോൾ മമത ബാനർജി അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ്! അതേസമയം, എം.പി യൂസുഫ് പത്താൻ ചായ കുടിക്കുകയും ഹിന്ദുക്കൾ കൂട്ടക്കൊല ചെയ്യപ്പെടുന്ന നിമിഷം ആസ്വദിക്കുകയും ചെയ്യുന്നു. ഇതാണ് ടി.എം.സി' എന്നാണ് ബി.ജെ.പി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല പോസ്റ്റ് ചെയ്തത്.

ഈദിന് മുമ്പാണ് യൂസുഫ് പത്താനെ അവസാനമായി ബഹറാംപൂരിൽ കണ്ടതെന്ന് പലരും പറയുന്നു. റമദാനിൽ മുർഷിദാബാദിൽ ഇഫ്താർ വിരുന്നുകളിൽ പലയിടത്തും എം.പി പങ്കെടുത്തിരുന്നു. അക്രമസമയത്ത് പത്താൻ എത്തിയിരുന്നെങ്കിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് സഹായകമാകുമായിരുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടു.

പത്താന്‍റെ അസാന്നിധ്യം തൃണമൂലിനുള്ളിൽ തന്നെ വിമർശനത്തിനിടയാക്കിയിട്ടുണ്ട്. മമത സർക്കാറിനെതിരെ പ്രതിപക്ഷം ആയുധമാക്കിയ മുർഷിദാബാദ് അക്രമം അവസാനിപ്പിക്കാൻ തൃണമൂൽ കഠിന പരിശ്രമം നടത്തിയിരുന്നു. നിരവധി സമാധാന യോഗങ്ങൾ വിളിച്ചുചേർത്തു. ജില്ലയിലെ മറ്റ് രണ്ട് എം.പിമാരും യോഗങ്ങളിൽ പങ്കെടുത്തെങ്കിലും യൂസുഫ് പത്താൻ ഇവയിലും പങ്കെടുത്തില്ല. മുർഷിദാബാദ് എം.പി അബു താഹിറും ജംഗിപൂർ എം.പി ഖൈലുർ റഹ്മാനും മറ്റ് പ്രാദേശിക എം.എൽ.എമാരുമാണ് സമാധാന യോഗങ്ങൾക്ക് നേതൃത്വം നൽകിയത്. അബു താഹിർ എം.പി യൂസുഫ് പത്താനെ വിമർശിച്ച് രംഗത്തെത്തി. 'പത്താൻ പുറത്തുനിന്നുള്ളയാളാണ്. രാഷ്ട്രീയത്തിൽ പരിചയക്കുറവുണ്ട്. ഇത്രയായിട്ടും അകലംപാലിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. പക്ഷേ, ഇത് ഒരു തെറ്റായ സന്ദേശം നൽകും. തൃണമൂലിന്‍റെ എം.പിമാരും എം.എൽ.എമാരും സാധാരണ പ്രവർത്തകർ പോലും സമാധാനശ്രമങ്ങളിൽ സജീവമാണ്' -അബു താഹിർ എം.പി പറഞ്ഞു.

പത്താനെ വിമർശിച്ച് തൃണമൂൽ എം.എൽ.എ ഹുമയൂൺ കബൂറും രംഗത്തെത്തി. 'യൂസുഫ് പത്താൻ ഗുജറാത്തിൽ താമസിക്കുന്ന ക്രിക്കറ്ററാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയെ പരാജയപ്പെടുത്തിയത് ജനങ്ങളുടെ വോട്ട് കൊണ്ടാണ്. ആ മാന്യൻ ഇപ്പോൾ വോട്ടർമാരുമായി കളിക്കുകയാണ്. ഓരോ തോന്നലുകൾക്കും സങ്കൽപങ്ങൾക്കും അനുസരിച്ചാണ് എം.പി പ്രവർത്തിക്കുന്നത്' -അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - In Murshidabad absent Yusuf Pathan draws fire from Opposition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.