ജന്തർ മന്ദറിൽ പി.ടി ഉഷ എന്ന വിഗ്രഹം ഉടയുമ്പോൾ

ഒളിമ്പിക്സിലുൾപ്പെടെ ആഗോള വേദികളിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ ഗുസ്തി താരങ്ങൾ, തങ്ങൾ നേരിട്ട കടുത്ത ലൈംഗിക പീഡനങ്ങളിൽ നടപടി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദറിൽ സമരത്തിലാണ്. ബി.ജെ.പി എം.പി കൂടിയായ ദേശീയ ​അസോസിയേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടി വേണമെന്നാണ് ആവശ്യം. രാജ്യത്ത് ക്രിക്കറ്റുൾ​പ്പെടെ എല്ലാ മേഖലകളിലുമുള്ള കായിക താരങ്ങൾ ഇവർക്ക് പിന്തുണ നൽകിയും ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ടും രംഗത്തെത്തി കഴിഞ്ഞു. അതിനിടെയാണ് ബി.ജെ.പി രാജ്യസഭയിലെത്തിച്ച ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷയുടെ ഞെട്ടിക്കുന്ന പ്രതികരണം മാധ്യമങ്ങളും അതുകഴിഞ്ഞ് സമൂഹ മാധ്യമങ്ങളും ഏറ്റെടുത്തത്. സമരം രാജ്യത്തി​ന്റെ പ്രതിച്ഛായക്ക് ഭൂഷണ​മല്ലെന്നും ബ്രിജ് ഭൂഷണെതിരെ ലൈംഗിക പീഡനം ആരോപിക്കുന്നത് അച്ചടക്കമില്ലായ്മയാണെന്നുമായിരുന്നു മുൻ ഒളിമ്പ്യന്റെ കുറ്റപ്പെടുത്തൽ.

എന്നാൽ, ഡൽഹിയിൽ തന്റെ താമസ സ്ഥലത്തുനിന്ന് ഏറെ ദൂരമില്ലാത്ത ജന്തർ മന്ദറിലെത്തി നിജസ്ഥിതി അ​ന്വേഷിച്ചിരുന്നെങ്കിൽ അവർക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുമായിരുന്നുവെന്ന് പറയുന്നു, പ്രമുഖ മാധ്യമ പ്രവർത്തകനായ സന്ദീപ് ദ്വിവേദി. ഇന്ത്യൻ എക്സ്‍പ്രസിൽ അദ്ദേഹത്തിന്റെ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ താഴെ:

പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പെടെ ഏഴു ഗുസ്തി താരങ്ങൾ നൽകിയ ലൈംഗിക പീഡന പരാതി ബ്രിജ് ഭൂഷൺ നേരിടുന്ന ആദ്യ കേസൊന്നുമല്ല. 90കളിൽ ദാവൂദ് ഇബ്രാഹി​മിന്റെ കൂട്ടാളികൾക്ക് അഭയം നൽകിയതിന് ടാഡ ചുമത്തപ്പെട്ടയാളാണ്. ആയുധ നിയമ ലംഘനം മുതൽ വധശ്രമം വരെയായി നിരവധി കേസുകളിൾ കോടതി നടപടികൾ പുരോഗമിക്കുന്നയാൾ. എന്നുവെച്ചാൽ, ഒരിക്കലും കളങ്കമില്ലാത്തവനെന്ന പോസ്റ്റർ ബോയ് പ്രതിച്ഛായ കൽപിച്ചുനൽകൽ ഒട്ടും ചേരാത്തയാളാണ്.

അധികാരത്തിലുള്ളവർക്കെതിരെ ശബ്ദിക്കാൻ കായിക രംഗത്തെ മറ്റു താരങ്ങൾ മടിച്ചുനിൽക്കുന്നതിനെതിരെ ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവായ വിനേഷ് ഫോഗട്ട് രംഗത്തുവന്നതിന് പിറ്റേന്നായിരുന്നു ഉഷയുടെ പ്രതികരണം. സമരവേദികളിൽ പ്രയാസപ്പെടുന്നവർക്ക് ആശ്വാസമാകേണ്ട മുൻ താരം പക്ഷേ, അവരെ അപമാനിച്ചുവിട്ടു.

കുടുംബ രഹസ്യങ്ങൾ അങ്ങാടിപ്പാട്ടായതിൽ അരിശംപൂണ്ട കാരണവരെ പോലെ എന്തുകൊണ്ട് ഒളിമ്പിക് അസോസിയേഷനെ സമീപി​ച്ചില്ലെന്നായിരുന്നു ഉഷയുടെ ചോദ്യം. വിഷയം മനസ്സിലാക്കാൻ ചെറുതായെങ്കിലും അവർ ശ്രമിച്ചിരുന്നെങ്കിൽ എന്തുകൊണ്ട് ഇത്തരം സംവിധാനത്തിൽ താരങ്ങൾക്ക് അവിശ്വാസമെന്ന് മനസ്സിലാക്കാമായിരുന്നു.

ലൈംഗിക പീഡന പരാതി അന്വേഷിക്കാൻ ബോക്സിങ് ഇതിഹാസം മേരി കോമിന്റെ നേതൃത്വത്തിൽ സമിതിയെ കായിക മന്ത്രാലയം വെച്ചിട്ട് മൂന്നു മാസമായി. ഒളിമ്പിക് മെഡൽ ജേതാവ് യോഗേശ്വർ ദത്ത് സമിതിയിൽ അംഗമാണ്. എന്നാൽ, എന്തു സംഭവിക്കുമെന്നതിന് ഒരു കാര്യം അറിഞ്ഞാൽ മതി. ഉഷക്കെന്ന പോലെ മേരി കോമിനും രാജ്യസഭയിലേക്ക് ടിക്കറ്റ് നൽകിയിരിക്കുന്നത് ബ്രിജ് ഭൂഷൺ കൂടി അംഗമായ ബി.ജെ.പിയാണ്. ദത്ത് ബി.ജെ.പിക്കായി തെരഞ്ഞെടുപ്പ് മത്സരിച്ചിട്ടുണ്ട്. ഇപ്പോഴും കാമ്പയിനുകളിൽ പാർട്ടിയുടെ യുവ താരമായി തുടരുന്നു.

മേരി കോം സമിതി സമിതി സമർപിച്ച റിപ്പോർട്ടിലെ ‘പ്രധാന നിർദേശങ്ങൾ’ പുറത്തുവിട്ട സർക്കാർ പക്ഷേ, പരാതിയിലെ പ്രധാന വിഷയമായ ലൈംഗിക പീഡനത്തെ കുറിച്ച് മിണ്ടിയില്ല. ഇതേ കുറിച്ച് ഡൽഹി പൊലീസിനെ സമീപിച്ചിട്ടും കാര്യമുണ്ടായില്ല. വിശദമായ പരാതികളും ഗുണംചെയ്തില്ല. ഒന്നും നടക്കാതെ വന്നപ്പോഴാണ് അവർ ജന്തർ മന്ദറിലേക്ക് വലിച്ചിഴക്കപ്പെടുന്നത്.

ഈ സമയത്തെങ്കിലും താരങ്ങളുടെ വലിയ സംവിധാനമെന്ന നിലക്ക് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഇടപെടേണ്ടതായിരുന്നു. ഉഷക്കായിരുന്നു ഇവിടെ ഉത്തരവാദിത്വം. ലൈംഗിക പീഡനമെന്ന വലിയ മുറിവ് ആവർത്തിക്കപ്പെടാതെ താരങ്ങൾക്ക് സംരക്ഷ ഒരുക്കുകയായിരുന്നു അവർ വേണ്ടത്.

80കളിന്റെ ട്രാക്കിന്റെ റാണിക്ക് അന്ന് പരാതി നൽകാൻ സമിതികളൊന്നുമുണ്ടായിരുന്നില്ല. മുമ്പും വനിത കായിക താരമാവുകയെന്നാൽ അന്നും സ്ഥിതി മറിച്ചായിരുന്നി​ല്ലെന്ന് പ്രമുഖർ പങ്കുവെച്ചതാണ്. അക്കാദമികളിൽ ഒറ്റക്കാകുന്നതും പുരുഷ കോച്ചുമാർക്കൊപ്പം ദീർഘദൂര യാത്ര ചെയ്യേണ്ടിവരുന്നതും ഉണ്ടാക്കിയ അനുഭവങ്ങൾ പലരെയും കരിയർ തന്നെ നിർത്താൻ നിർബന്ധിക്കും. ഇതെല്ലാം അറിയാമായിരുന്ന ഉഷ എങ്ങനെ നിസ്സംഗമാകുന്നുവെന്നാണ് താരങ്ങളുടെ ചോദ്യം.

ഒരു പതിറ്റാണ്ടായി ബ്രിജ് ഭൂഷൺ ഗുസ്തി അസോസിയേഷന്റെ തലപ്പത്തുണ്ട്. അദ്ദേഹത്തിന്റെ കാലത്ത് ഒളിമ്പിക്സിലുൾപ്പെടെ ഇന്ത്യൻ പ്രകടനം ആശാവഹമാണ്. എന്നാൽ, അടിസ്ഥാനപരമായ വിഷയങ്ങൾ മേരി കോം സമിതി പോലും ചൂണ്ടിക്കാട്ടിയതാണ്- പരാതി പറയാൻ ആഭ്യന്തര സമിതി ഇല്ലാത്തതുൾപ്പെടെ പ്രശ്നങ്ങൾ. ബ്രിജ് ഭൂഷൺ ശരിക്കും ഒരു ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നതാണ് പ്രധാന പരാതി. ഇതെല്ലാം പരിഹരിക്കാൻ ഉഷക്ക് സാധിക്കേണ്ടതായിരുന്നു. അതാണ് അവർ ഇല്ലാതാക്കിയത്. 

Tags:    
News Summary - In Jantar Mandar, PT Usha the idol crumbles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.