ലഖ്നോ: അടുത്ത വെള്ളിയാഴ്ച ആഘോഷിക്കുന്ന ഹോളിയോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിൽ തയാറെടുപ്പുകൾ നടക്കുകയാണ്. ഹോളിയെയും റമദാനിലെ ജുമുഅയെയും ബന്ധപ്പെടുത്തി വർഗീയ പ്രസ്താവനകളും ബി.ജെ.പിയുടേതടക്കം നേതാക്കൾ നടത്തുന്നുണ്ട്. ഹോളി ദിവസം ജുമുഅക്ക് പോകുമ്പോൾ നിറങ്ങൾ ദേഹത്ത് പതിയാതിരിക്കാൻ ടാർപോളിൻ കൊണ്ട് ഹിജാബ് ധരിച്ചാൽ മതിയെന്നാണ് ബി.ജെ.പി നേതാവ് രഘുരാജ് സിങ് പരിഹസിച്ചിരിക്കുന്നത്. ഉത്തർ പ്രദേശ് തൊഴിൽ വകുപ്പിന്‍റെ ഉന്നതാധികാര ഉപദേശക സമിതിയുടെ ചെയർമാനുമാണ് രഘുരാജ് സിങ്.
ഹോളി ആഘോഷവും വെള്ളിയാഴ്ച പ്രാർത്ഥനയും കണക്കിലെടുത്ത് ഭരണകൂടം ജാഗ്രതയിലാണ്. പക്ഷേ ചില ആളുകൾക്ക് എതിർപ്പുണ്ട്. അവരോട് ഞാൻ അഭ്യർത്ഥിക്കുന്നത്, സ്ത്രീകൾ ഹിജാബ് ധരിക്കുന്നതുപോലെ പള്ളികളിൽ ടാർപോളിൻ വിരിക്കുന്നത് പോലെ ടാർപോളിൻ കൊണ്ട് ഒരു ഹിജാബ് ഉണ്ടാക്കി ധരിച്ചാൽ ഒരു അസൗകര്യവും നേരിടേണ്ടിവരില്ല എന്നാണ്. എളുപ്പത്തിൽ നമസ്‌കരിക്കാനും കഴിയും -എന്നാണ് രഘുരാജ് സിങ്ങിന്‍റെ പരിഹാസം.
ഹോളി സനാതന ധർമ്മവുമായി ബന്ധപ്പെട്ടതാണ്. ഹോളി ആഘോഷിക്കുന്നവരോട് ഒരു പ്രത്യേക പരിധിക്കുള്ളിൽ മാത്രം നിറങ്ങൾ വിതറാൻ ആവശ്യപ്പെടാൻ കഴിയില്ല. സത്യ യുഗം മുതൽ ഹോളി ആഘോഷിക്കുന്നുണ്ട്. വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഹോളിയെന്നും രഘുരാജ് പറഞ്ഞു.
നേരത്തെ, സമാന പ്രസ്താവന യു.പിയിലെ സംഭലിലെ സംഭൽ സർക്കിൾ ഓഫീസർ പറഞ്ഞിരുന്നു. ഇത് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം ഏറ്റുപിടിക്കുകയും ചെയ്തിരുന്നു. വരുന്ന വെള്ളിയാഴ്ച ജുമുഅ നമസ്കാരം ഹോളി ആഘോഷം കഴിഞ്ഞ് മതിയെന്നും അതിന് മുമ്പ് നമസ്കരിക്കാൻ ആഗ്രഹിക്കുന്നവർ വീട്ടിൽനിന്ന് നമസ്കാരം നിർവഹിക്കട്ടെ എന്നുമാണ് യോഗി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.