നടന്‍ ഇമ്രാൻ ഖാനെ കസ്റ്റഡിയിലെടുക്കുന്നു
മുംബൈയിലും പ്രതിഷേധച്ചൂട്; നടന്‍ ഇമ്രാൻ ഖാൻ അടക്കം 300 പേർ കസ്റ്റഡിയിൽ
മുംബൈ: സി.ജെ.പി ജന്തർമന്തറിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രാഖ്യാപിച്ച് മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ബോളിവുഡ് നടൻ ഇമ്രാൻ ഖാനെയും നടന്‍ ആമിർ ഖാന്‍റെ അനന്തരവനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ആഗസ്റ്റ് ക്രാന്തി മൈതാനിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതിഷേധത്തിന് മുന്നോടിയായി ആഗസ്റ്റ് ക്രാന്തി മൈതാനിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. എന്നാൽ പ്രതിഷേധത്തിന് അനുമതി തേടി അപേക്ഷ നൽകിയിരുന്നില്ലെന്നാണ് മുംബൈ പൊലീസിന്റെ വാദം. ബോംബെ ഹൈകോടതിയുടെ നിർദേശപ്രകാരം ആസാദ് മൈതാനിൽ മാത്രമേ പ്രതിഷേധങ്ങൾ അനുവദിക്കാനാകൂവെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ, സമരത്തിന് അനുമതി തേടി ഇ-മെയിൽ അയച്ചിരുന്നെങ്കിലും മറുപടി ലഭിച്ചില്ലെന്നാണ് സി.ജെ.പി പ്രവർത്തകർ അറിയിച്ചത്.
മുമ്പും സി.ജെ.പിയുടെ പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി ഇമ്രാൻ ഖാൻ രംഗത്തെത്തിയിട്ടുണ്ട്. ജൂലൈയിൽ നടന്ന പ്രതിഷേധ മാർച്ചിൽ താരം പങ്കെടുത്തിരുന്നു. അന്ന് വിദ്യാർഥി പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് നടപടികളെ ഇമ്രാൻ ഖാൻ സാമൂഹികമാധ്യമങ്ങളിലൂടെ വിമർശിച്ചു. വിദ്യാർഥികൾക്കുനേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതിലും ലാത്തിച്ചാർജ് നടത്തിയതിലും അദ്ദേഹം കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിദ്യാർഥികളെ സംരക്ഷിക്കുകയും പിന്തുണക്കുകയും ചെയ്യേണ്ട സംവിധാനം തന്നെ അവരെ പരാജയപ്പെടുത്തിയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികളോട് ഉത്തരവാദിത്തവും അച്ചടക്കവും ആവശ്യപ്പെടുന്നവർ അധികാരത്തിലിരിക്കുന്നവർക്കെതിരെ അതേ മാനദണ്ഡങ്ങൾ പ്രയോഗിക്കുന്നില്ലെന്നും ഇമ്രാൻ വിമർശിച്ചിരുന്നു. പ്രതിഷേധിക്കുന്ന വിദ്യാർഥികൾ രാജ്യത്തിന്റെ മക്കളല്ലേയെന്നും അവരുടെ ഭാവി സംരക്ഷിക്കാനല്ലെങ്കിൽ പിന്നെ ആർക്കുവേണ്ടിയാണ് രാജ്യം കെട്ടിപ്പടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.