'അതിന് നീയേതാ..?' പൊലീസ് യൂനിഫോമില്ലാതെ ലാത്തിയുമായി യുവതി; തടഞ്ഞുവെച്ച് ചോദ്യം ചെയ്ത് പ്രതിഷേധക്കാർ

ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർഥി പ്രതിഷേധം നിയന്ത്രിക്കുന്നതിനിടയിൽ പൊലീസിന്റെ നടപടിയെച്ചൊല്ലി വൻ പ്രതിഷേധവും ആശങ്കയും. ഔദ്യോഗിക യൂനിഫോം ധരിക്കാതെ സിവിൽ വസ്ത്രത്തിൽ കയ്യിൽ ലാത്തിയുമായി പൊലീസിനൊപ്പം നിലയുറപ്പിച്ച വനിതയെ പ്രതിഷേധക്കാർ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു. ഇതിനുപുറമെ, വിദ്യാർഥികളെ കസ്റ്റഡിയിലെടുത്ത മറ്റൊരു വനിതാ പൊലീസുകാരിയുടെ യൂണിഫോമിൽ നെയിംപ്ലേറ്റ് ഇല്ലാതിരുന്നതും വലിയ പ്രതിഷേധത്തിന് കാരണമായി.

വിദ്യാർഥികളെ കസ്റ്റഡിയിലെടുക്കുന്ന നടപടികൾക്കിടയിലാണ് ഔദ്യോഗിക വേഷത്തിലല്ലാതിരുന്ന വനിത പൊലീസിനൊപ്പം പ്രവർത്തിച്ചത്. ഇവർ ആരാണെന്നും എന്ത് അധികാരത്തിലാണ് ഇവിടെ നിൽക്കുന്നതെന്നും ചോദിച്ചുകൊണ്ട് പ്രതിഷേധക്കാർ രംഗത്തെത്തുകയായിരുന്നു. പൊലീസിനൊപ്പം നിന്ന് നടപടികളിൽ പങ്കെടുത്ത ഇവർ ആരുടെ നിർദ്ദേശപ്രകാരമാണ് എത്തിയതെന്ന് പ്രതിഷേധക്കാർ ആവർത്തിച്ച് ചോദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

യൂണിഫോം ധരിക്കാതെ കയ്യിൽ ലാത്തിയുമായി പൊലീസിനൊപ്പം നിൽക്കുകയും വിദ്യാർഥി അറസ്റ്റുകളിൽ പങ്കാളിയാവുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധക്കാർ കടുത്ത അമർഷം രേഖപ്പെടുത്തി. പൊലീസ് കസ്റ്റഡിയിലുള്ള വിദ്യാർഥികളുടെ സുരക്ഷയെക്കുറിച്ചും പൊലീസിന്റെ ഇത്തരം പ്രവർത്തനരീതികളെക്കുറിച്ചും വലിയ ആശങ്കകളാണ് ഉയർന്നിരിക്കുന്നത്. ഔദ്യോഗിക പദവികളൊന്നുമില്ലാത്ത പുറത്തുനിന്നുള്ളവരാണോ പൊലീസിനെ സഹായിക്കാനെന്ന പേരിൽ പ്രതിഷേധക്കാരെ നേരിടാൻ എത്തിയതെന്ന ശക്തമായ സംശയവും ഇതിലൂടെ ബലപ്പെട്ടിരിക്കുകയാണ്.

Tags:    
News Summary - Protesters Interrogate Woman in Civilian Clothes Carrying Baton Alongside Delhi Police During Student Demonstration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.