'കേരളത്തിൽ പോയാൽ​ ഒളിച്ചോടാൻ സാധ്യത'; മഅ്​ദനിക്കെതിരെ കർണാടക സുപ്രീം കോടതിയിൽ

ന്യൂഡൽഹി: പി.ഡി.പി നേതാവ്​ അബ്ദുൽ നാസര്‍ മഅ്​ദനിയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന അപേക്ഷക്കെതിരെ കർണാടക സർക്കാർ സുപ്രീംകോടതിയിൽ. ബംഗളൂരു സ്‌ഫോടന കേസിൽ പ്രതിയായ മഅ്​ദനിക്ക്​ ജാമ്യവ്യവസ്ഥയില്‍ ഇളവ് നൽകി കേരളത്തില്‍ പോകാന്‍ അനുവദിച്ചാല്‍ ഭീകരവാദികളുടെ സഹായത്തോടെ വിചാരണ നടപടികളില്‍നിന്ന് ഒളിച്ചോടാന്‍ സാധ്യതയുണ്ടെന്ന്​ സർക്കാർ സുപ്രീകോടതിക്ക്​ മുമ്പാകെ എഴുതിനൽകിയ വാദങ്ങളിൽ ആരോപിക്കുന്നു. അദ്ദേഹം കേരളത്തില്‍ എത്തിയാല്‍ ഒളിവില്‍ കഴിയുന്ന ഭീകരരുമായി ബന്ധപ്പെടാനും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സാധ്യതയുണ്ട്​.

പാകിസ്താനിലെ ഇസ്​ലാമിക സംഘടനകളുമായി ബന്ധമുള്ള ചില ഭീകരരെ കേരളത്തിൽനിന്നും കർണാടകയിൽനിന്നുമായി സമീപകാലത്ത് എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഇത്തരക്കാരുമായി മഅ്​ദനി ബന്ധപ്പെടാന്‍ സാധ്യതയുണ്ടെന്ന്​ കർണാടക ആഭ്യന്തര വകുപ്പ്​ ആരോപിക്കുന്നു. മഅ്​ദനിയുടെ അപേക്ഷ തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും.

അതേസമയം, കര്‍ണാടക സര്‍ക്കാറി​േന്‍റത്​ വസ്തുതാവിരുദ്ധമായ ആരോപണങ്ങളാണെന്ന്​ മഅ്​ദനിയുടെ അഭിഭാഷകൻ ആരോപിച്ചു. ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ മഅ്​ദനിക്കെതിരെ കേസുണ്ടെന്നത് ഉള്‍പ്പടെ നിരവധി അസത്യങ്ങളാണ് കര്‍ണാടക കോടതിയെ അറിയിച്ചിരിക്കുന്നത്. വിവിധ കോടതികള്‍ കുറ്റവിമുക്തമാക്കിയ കേസുകളാണ് ഇളവ്​ ഒഴിവാക്കാനായി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്​. ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന്​ അഭിഭാഷകൻ അറിയിച്ചു.

ബംഗളൂരു നഗരത്തിന് പുറത്തുപോകാൻ പാടില്ലെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്നും, കേരളത്തിലെ വീട്ടിലേക്ക് പോകാൻ അനുവദിക്കണമെന്നുമാണ് അബ്ദുൽ നാസർ മഅ്​ദനിയുടെ അപേക്ഷ. കഴിഞ്ഞയാഴ്ച ഈ അപേക്ഷ പരിഗണിക്കുന്നതിനിടെ, മഅ്​ദനി അപകടകാരിയായ മനുഷ്യനാണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പറഞ്ഞിരുന്നു.

എന്നാൽ ഈ വാദം ഖണ്ഡിച്ച മഅ്​ദനിയുടെ അഭിഭാഷകൻ 2014ൽ ജാമ്യം ലഭിച്ച ശേഷം അദ്ദേഹത്തിനെതിര ഒരു പരാതി പോലുമില്ലെന്ന് പ്രതികരിച്ചപ്പോൾ അതറിയാം എന്നായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ ബോബ് ഡെയുടെ മറുപടി. കേരളത്തിൽ പോകാൻ സുപ്രീംകോടതി തന്നെ രണ്ട് തവണ അനുമതി നൽകിയതാണെന്ന് അഭിഭാഷകൻ രണ്ടാമതും ഖണ്ഡിച്ചപ്പോഴും അറിയാം എന്ന് ചീഫ് ജസ്റ്റിസ് ആവർത്തിച്ചു.

ഇതിനിടെ താൻ അബ്ദുൽ നാസർ മഅ്​ദനിക്ക് വേണ്ടി ഹാജരായിട്ടുണ്ടോയെന്ന് മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് വി. രാമസുബ്രഹ്​മണ്യൻ സംശയം പ്രകടിപ്പിച്ചു. അതോടെ അക്കാര്യം പരിശോധിക്കാൻ അഭിഭാഷകനോട് ആവശ്യപ്പെട്ട് ഹരജി അടുത്തയാഴ്ച പരിഗണിക്കാൻ സുപ്രീംകോടതി മാറ്റുകയായിരുന്നു. 

Tags:    
News Summary - ‘If you go to Kerala, you may run away’; In the Karnataka Supreme Court against Madani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.