കുറ്റം തെളിയിച്ചാൽ തൂങ്ങി മരിക്കാം, തെളിവുണ്ടെങ്കിൽ കോടതിയിലോ പൊലീസിനോ നൽകണം -ബ്രിജ് ഭൂഷൺ

ന്യൂഡൽഹി: കുറ്റം തെളിയിച്ചാൽ തൂങ്ങി മരിക്കാമെന്ന് ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്. തെളിവുണ്ടെങ്കിൽ ഗുസ്തി താരങ്ങൾ കോടതിയിലോ പൊലീസിനോ നൽകണം. ശിക്ഷയേറ്റ് വാങ്ങാൻ തയാറാണ്. മെഡലുകൾ ഒഴുക്കിയാൽ തന്നെ തൂക്കിലേറ്റാൻ കഴിയില്ലെന്നും ബ്രിജ് ഭൂഷൺ വ്യക്തമാക്കി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി അടക്കം ഏഴ് വനിത ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെ പ്രതി ചേർത്തത്. ബി.ജെ.പി എം.പിക്കെതിരായ നടപടികൾ വൈകിയതോടെയാണ് പരസ്യ പ്രതിഷേധവുമായി സാക്ഷി മാലിക്കിന്‍റെ നേതൃത്വത്തിൽ ഗുസ്തി താരങ്ങൾ രംഗത്തെത്തിയത്.

സർക്കാറിൽനിന്ന് നീതി ലഭിക്കാത്തതിനാൽ, വിയര്‍പ്പൊഴുക്കി നേടിയ മെഡലുകള്‍ക്ക് വിലയില്ലാതായെന്നും അവ ഗംഗയിൽ ഒഴുക്കിക്കളയുകയാണെന്നും പ്രഖ്യാപിച്ചായിരുന്നു ഒളിമ്പിക് താരങ്ങളടക്കമുള്ള പ്രക്ഷോഭകർ ചൊവ്വാഴ്ച വൈകീട്ട് ഹരിദ്വാറിൽ ഗംഗാതീരത്ത് എത്തിയത്. ബന്ധുക്കളും താരങ്ങളെ പിന്തുണക്കുന്ന നൂറുകണക്കിന് ആളുകളും ദേശീയ പതാകയുമേന്തി അവർക്കൊപ്പം ചേർന്നു.

മെഡലുകൾ കെട്ടിപ്പിടിച്ച് ഏറെ നേരം കരഞ്ഞതിന് ശേഷം ഗംഗയിൽ ഒഴുക്കാൻ ഒരുങ്ങവെ ഭാരതീയ കിസാൻ യൂനിയൻ നേതാവ് നരേഷ് ടികായത്തിന്‍റെ നേതൃത്വത്തിൽ കർഷക നേതാക്കൾ എത്തി മെഡലുകൾ ഒഴുക്കുന്നതിൽ നിന്ന് തടയുകയായിരുന്നു. പ്രശ്നപരിഹാരത്തിന് അഞ്ചു ദിവസത്തെ സമയം നൽകണമെന്ന് കർഷക നേതാക്കളുടെ അഭ്യർഥന താരങ്ങൾ അംഗീകരിച്ചതോടെയാണ് രണ്ടു മണിക്കൂർ നീണ്ട വൈകാരിക രംഗങ്ങൾക്ക് താൽകാലിക ശമനം ഉണ്ടായത്.

താരങ്ങളുമായി സംസാരിച്ച നരേഷ് ടികായത്ത് മെഡലുകൾ ഏറ്റുവാങ്ങി. അഞ്ചു ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കിൽ തിരികെ എത്തുമെന്ന് പ്രഖ്യാപിച്ചാണ് ഗുസ്തി താരങ്ങൾ മടങ്ങിയത്.

Tags:    
News Summary - If a single allegation against me is proven, I will hang myself - Brij Bhushan Sharan Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.