മാപ്പ് പറഞ്ഞാൽ സസ്പെൻഷൻ നടപടി പുനഃപരിശോധിക്കാമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: എം.പിമാർ മാപ്പ് പറഞ്ഞാൽ സസ്പെൻഷൻ നടപടി പുനഃപരിശോധിക്കാമെന്ന് പാർലമെന്‍ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി. ഇക്കാര്യം ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്. പുറത്താക്കപ്പെട്ട പന്ത്രണ്ട് എം.പിമാർ സ്പീക്കറിനോടും സഭയോടും മാപ്പ് പറഞ്ഞാൽ സസ്പെൻഷൻ പിൻവലിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി ട്വിറ്റ് ചെയ്തു. അതേസമയം, പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേർന്ന് തുടർ നടപടി സ്വീകരിക്കാനാണ് എം.പിമാരുടെ തീരുമാനം.

ശീതകാല സമ്മേളനത്തിനായി ചേരുന്ന സഭയിൽ സർക്കാർ നിരവധി ബില്ലുകൾ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണെന്ന് പറഞ്ഞ മന്ത്രി, ആരോഗ്യപരമായ ചർച്ചകൾ നടത്താൻ പ്രതിപക്ഷം തയാറാകണമെന്നും ട്വിറ്റർ കുറിപ്പിലൂടെ അറിയിച്ചു.

സഭയുടെ അന്തസിനെ സംരക്ഷിക്കാനാണ് എം.പിമാരെ സസ്പെന്‍റ് ചെയ്തത്. സസ്പെൻഷൻ നടപടി നേരിട്ട പന്ത്രണ്ട് എംപിമാരും സ്പീക്കറിനോടും സഭയോടും മാപ്പ് പറഞ്ഞാൽ തുറന്ന മനസോടെ അത് സ്വീകരിക്കുകയും സസ്പെൻഷൻ പിൻവലിക്കുന്നകാര്യം പരിഗണിക്കുകയും ചെയ്യും- മന്ത്രി ട്വിറ്ററിൽ കുറിച്ചു.

എല്ലാ പ്രശ്നങ്ങളിലും സർക്കാർ നിയമപരമായി ഇടപെടും. ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകും. നിരവധിയായ പ്രധാന ബില്ലുകൾ നാളെ സഭയിൽ അവതരിപ്പിക്കുമെന്നും ആരോഗ്യപരമായ ചർച്ചകൾ നടത്താൻ പ്രതിപക്ഷത്തോട് അഭ്യർത്ഥിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, കഴിഞ്ഞ സമ്മേളന കാലത്ത് ഉണ്ടായ സംഭവത്തിന്‍റെ പേരിൽ ഈ സമ്മേളനകാലത്ത് ശിക്ഷ നടപടിയെടുക്കാൻ കഴിയില്ലെന്ന് ലോക്സഭ സെക്രട്ടറി ജനറലായിരുന്ന പി.ഡി.ടി ആചാരി പ്രതികരിച്ചു.

സി.പി.എം എംപി എളമരം കരീം, ബിനോയി വിശ്വം, ആറ് കോൺഗ്രസ് എംപിമാർ, ശിവസേന എം.പി അനിൽ ദേശായി, ത്രിണമൂൽ കോൺഗ്രസ് ഡോളാ സെൻ, ശാന്ത ഛെത്രി എന്നീ പന്ത്രണ്ട് രാജ്യസഭാ അംഗഭങ്ങളെയാണ് ശീതകാല സമ്മേളന കാലയളവ് വരെ സസ്പെന്‍റ് ചെയ്തത്. സഭയുടെ വർഷകാല സമ്മേളനത്തിന്‍റെ അവസാന ദിവസമായ ആഗസ്റ്റ് 11ന് സഭയിൽ മോശം പെരുമാറ്റം നടത്തിയെന്ന് അരോപിച്ചാണ് ഇന്നലെ ചേർന്ന സഭ എംപിമാരെ സസ്പെന്‍റ് ചെയ്തത്. പെഗാസസ് വിഷയത്തിലെ അന്വേഷണവും പാർലമെന്‍റിൽ ചർച്ചയും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചത്. 

Tags:    
News Summary - If 12 MPs Apologise, Then We Can Review": Government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.