ബംഗളൂരു: കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിെൻറ മുഖ്യമന്ത്രി ആയതിൽ സന്തുഷ്ടനല്ലെന്ന് പറഞ്ഞുകൊണ്ടുള്ള എച്ച്.ഡി. കുമാരസ്വാമിയുടെ വൈകാരിക പ്രസംഗം ദേശീയതലത്തിലും ചർച്ചയാകുന്നു. കൂട്ടുകക്ഷി സർക്കാറിനെ നയിക്കുന്ന താൻ കാളകൂട വിഷം കഴിച്ച മഹാദേവനപ്പോലെയാണെന്ന് പറഞ്ഞുകൊണ്ടാണ് കഴിഞ്ഞ ദിവസം അദ്ദേഹം സദസ്സിനു മുമ്പിൽ വിതുമ്പിയത്.
ബംഗളൂരുവിലെ ശേഷാദ്രിപുരത്ത് ജെ.ഡി.എസ് പ്രവർത്തകർ സംഘടിപ്പിച്ച ആഘോഷപരിപാടിയിലാണ് സഖ്യസർക്കാറിനെ നയിക്കുന്നതിലുള്ള വെല്ലുവിളി അദ്ദേഹം തുറന്നുപറഞ്ഞത്. കുമാരസ്വാമിയുടെ ഏറ്റുപറച്ചിലിനെ കളിയാക്കി ബി.ജെ.പി. രംഗത്തെത്തിയപ്പോൾ സഖ്യസർക്കാറിനെ നയിക്കാൻ കുമാരസ്വാമിക്ക് മനഃശക്തി ഉണ്ടാകണമെന്നാണ് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചത്.
‘‘നിങ്ങളെല്ലാവരും എനിക്ക് ആശംസകളുടെ പൂച്ചെണ്ടുകളുമായി കാത്തിരിക്കുന്നു. എന്നാൽ, എെൻറ കാര്യം അങ്ങനെയല്ല. കൂട്ടുകക്ഷി ഭരണത്തിെൻറ വേദന എനിക്കിപ്പോൾ നന്നായറിയാം- എന്നുപറഞ്ഞ ശേഷമാണ് അദ്ദേഹം കണ്ണീർപൊഴിച്ചത്. പിന്നീട് തോളിലുണ്ടായിരുന്ന ചുവന്ന ഷാളെടുത്ത് മുഖം തുടച്ചശേഷമാണ് പ്രസംഗം തുടർന്നത്.
എന്നാൽ, ഒരു മുഖ്യമന്ത്രി എല്ലായ്പ്പോഴും സന്തോഷവാനായിരിക്കണം എന്നായിരുന്നു ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുടെ പ്രതികരണം. മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിക്കുന്നതിലുണ്ടായ തർക്കം രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയാണ് കുമാരസ്വാമി പരിഹരിച്ചത്. സമ്പൂർണ ബജറ്റ് അവതരിപ്പിക്കുന്നതിനെ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എതിർത്തതും കുമാരസ്വാമിയെ അസ്വസ്ഥമാക്കിയിരുന്നു.
നമ്മുടെ രാജ്യത്ത് പ്രേക്ഷകരെ കൈയിലെടുത്ത ഒരുപാട് നടന്മാരുണ്ടെന്നും കർണാടകയിൽനിന്നും മറ്റൊരു മികച്ച നടനെ ഇപ്പോൾ ലഭിച്ചിരിക്കുകയാണെന്നുമാണ് ബി.ജെ.പി ട്വിറ്ററിലൂടെ പരിഹസിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.