ഹൈദരാബാദ്: നമസ്കാരം നടത്താൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഹൈദരാബാദിലെ കെ.വി രംഗ റെഡ്ഡി ഡിഗ്രി കോളജിലെ വിദ്യാർഥിനികൾ. കഴിഞ്ഞ ദിവസമാണ് നമസ്കാരം നടത്താൻ മാനേജ്മെന്റ് അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് വിദ്യാർഥികൾ പ്രതിഷേധം തുടങ്ങിയത്.
നമസ്കാരം നടത്താനുള്ള അനുമതി നൽകണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാർഥികൾ പ്രതിഷേധം നടത്തുന്നതിന്റെ വിഡിയോകൾ എക്സിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചില വിദ്യാർഥിനികളുടെ ഐ.ഡി കാർഡുകൾ മാനേജ്മെന്റ് എടുത്തു കൊണ്ട് പോയതായും ഇവരെ സസ്പെൻഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
മൂന്ന് ദിവസമായി കോളജിൽ പ്രതിഷേധം നടന്നുവരികയാണെന്ന് പ്രദേശവാസികൾ പറയുന്നു. ആറ് മാസം മുമ്പ് വിദ്യാർഥികളെ ഹിജാബ് ധരിക്കാനും കോളജ് അധികൃതർ അനുവദിക്കാത്തതുമായി ബന്ധപ്പെട്ടും പ്രശ്നമുണ്ടായിരുന്നു. തുടർന്ന് പൊലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്.
നമസ്കാരത്തിന് പിന്നാലെ കോളജ് അധികൃതരെത്തി ഭീഷണിപ്പെടുത്തുകയും ഐ.ഡി കാർഡുകൾ എടുത്ത് കൊണ്ടുപോവുകയും ചെയ്തുവെന്നാണ് വിദ്യാർഥിനികൾ പറയുന്നത്. സംഭവം വിവാദമായതോടെ പൊലീസെത്തി മധ്യസ്ഥ ചർച്ചകൾ നടത്തി. വിദ്യാർഥിനികളുടെ ആവശ്യങ്ങളിൽ മാനേജ്മെന്റുമായി സംസാരിച്ച് തീരുമാനമെടുക്കാൻ പ്രിൻസിപ്പൽ മൂന്ന് ദിവസത്തെ സമയം ചോദിച്ചു.
കോളജിൽ 1200 വിദ്യാർഥിനികളാണ് പഠിക്കുന്നത്. ഇതിൽ ഭൂരിപക്ഷവും മുസ്‍ലിം വിദ്യാർഥിനികളാണ്. ഇതിന് മുമ്പ് ക്ലാസുകളിൽ നമസ്കരിച്ചിരുന്നുവെന്നും ഇപ്പോഴത്തെ ജീവനക്കാരാണ് ഇത് തടയുന്നതെന്നുമാണ് വാദം. അതേസമയം, ഇക്കാര്യത്തിൽ പ്രതികരിക്കാൻ കോളജ് മാനേജ്മെന്റ് ഇതുവരെ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.