ഹൈദരാബാദ്: ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങളിൽ വൻ വർധനവ് രേഖപ്പെടുത്തി. 2026 ഫെബ്രുവരി മാസത്തിൽ മാത്രം രാജ്യത്തുടനീളം 67 വിദ്വേഷ കുറ്റകൃത്യങ്ങൾ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജനുവരി മാസത്തെ അപേക്ഷിച്ച് വിദ്വേഷ സംഭവങ്ങളിൽ 59.5 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വിദ്വേഷ കുറ്റകൃത്യങ്ങൾ നടന്നത്. ഉത്തർപ്രദേശിൽ മാത്രം 20 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തെലങ്കാനയിൽ റിപ്പോർട്ട് ചെയ്ത 14 കേസുകളിൽ 13 എണ്ണവും മുസ്‌ലിംകൾക്കെതിരെയായിരുന്നു. വിദ്വേഷ പ്രസംഗങ്ങൾ, എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വ്യാജ പ്രചാരണങ്ങൾ, ജാതീയ വിവേചനങ്ങൾ എന്നിവ ഫെബ്രുവരിയിലാണ് വ്യാപകമായി നടന്നത്. അസമിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ മുസ്‌ലിം വേഷധാരികൾക്ക് നേരെ വെടിയുതിർക്കുന്ന രീതിയിലുള്ള എ.ഐ വീഡിയോ ബി.ജെ.പി ഔദ്യോഗിക ഹാൻഡിലിലൂടെ പ്രചരിപ്പിച്ചത് വലിയ വിവാദമായിരുന്നു.
തെലങ്കാനയിലെ മേദാരം ജാതറയിൽ വെണ്ടർക്ക് നേരെയുണ്ടായ 'ഫുഡ് ജിഹാദ്' ആരോപണവും പള്ളികൾക്ക് നേരെയുള്ള അതിക്രമങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മധ്യപ്രദേശിലെ ബാലാഘട്ടിൽ പത്തോളം മുസ്‌ലിം കുടുംബങ്ങളെ സാമൂഹികമായി ബഹിഷ്കരിക്കാൻ ആഹ്വാനമുണ്ടായി. ഉത്തർപ്രദേശിൽ വോട്ടർ പട്ടികയിൽ നിന്ന് മുസ്‌ലിം നാമങ്ങൾ കൂട്ടത്തോടെ നീക്കം ചെയ്യാൻ ശ്രമം നടന്നതായും ബി.എൽ.ഒ വെളിപ്പെടുത്തി.
ദളിത് വിഭാഗങ്ങൾക്കെതിരെ 16 കുറ്റകൃത്യങ്ങളാണ് ഫെബ്രുവരിയിൽ രേഖപ്പെടുത്തിയത്. ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ദളിത് വിവാഹങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ ജാതി വിവേചനം ആരോപിച്ച് ദളിത് പൂജാരി പി.ആർ വിഷ്ണു രാജിവെച്ച സംഭവവും സിയാസത്തിന്റെ ട്രാക്കറിൽ ഉൾപ്പെട്ടിട്ടുണ്ട്.
അതേസമയം, വിദ്വേഷ പ്രചാരണങ്ങൾക്കിടയിലും വർഗീയ സൗഹാർദ്ദത്തിന്റെ മാതൃകകളും രാജ്യം സാക്ഷ്യം വഹിച്ചു. ലഖ്‌നൗ സർവകലാശാലയിൽ മുസ്‍ലിം സഹപാഠികൾക്ക് നിസ്കരിക്കാനും നോമ്പ് തുറക്കാനും ഹിന്ദു വിദ്യാർഥികൾ മനുഷ്യച്ചങ്ങല തീർത്തത് ശ്രദ്ധേയമായി. തെലങ്കാനയിൽ 'ഫുഡ് ജിഹാദ്' ആരോപിക്കപ്പെട്ട കച്ചവടക്കാരന് പിന്തുണയുമായി പ്രാദേശിക ഹിന്ദു വിഭാഗങ്ങൾ രംഗത്തെത്തിയതും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഓരോ പത്ത് മണിക്കൂറിലും രാജ്യത്ത് ഒരു വിദ്വേഷ കുറ്റകൃത്യമെങ്കിലും നടക്കുന്നുണ്ടെന്നും പുറത്തുവരാത്ത സംഭവങ്ങൾ ഇതിലും അധികമായിരിക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.