ബംഗളൂരു: ലോക്ഡൗണിൽ കേരളത്തിൽ കുടുങ്ങി രണ്ടര മാസത്തിനുശേഷം തിരികെ ബംഗളൂരുവിൽ എത്തിയവരിൽനിന്ന് പേയിങ് ഗെസ്റ്റ് (പി.ജി) ഉടമകൾ നിർബന്ധിച്ച് വാടക ഈടാക്കുന്നതായി പരാതി. മാർച്ച് 20ന് മുമ്പ് കേരളത്തിലേക്ക് പോയ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരോടാണ് ഏപ്രിൽ, മേയ് മാസത്തെ വാടക ഈടാക്കുന്നത്. വൈദ്യുതിയുടെയും വെള്ളത്തിെൻറയും തുക അടക്കേണ്ടതുണ്ടെന്നും അതിനാൽ വാടകയുടെ 75ശതമാനം നൽകണമെന്നുമാണ് ഇവരോട് ആവശ്യപ്പെടുന്നത്.
രണ്ടര മാസത്തിനു ശേഷം തിരികെ എത്തിയ പലരോടും ഈ തുക വാങ്ങിയ ശേഷമാണ് പ്രവേശനം നല്കിയത്. ഇതു നല്കാന് തയാറാകാത്തവരോട് മറ്റു സ്ഥലം അന്വേഷിക്കാനാണ് പറയുന്നത്. ഏപ്രിൽ, മേയ് മാസം നാട്ടിലായതിനാൽ തന്നെ പി.ജിയിൽ താമസിച്ചിരുന്ന ഭൂരിഭാഗം പേർക്കും ശമ്പളം ഉൾപ്പെടെ ലഭിച്ചിട്ടില്ല.
സാമ്പത്തികമായി ബുദ്ധിമുട്ടുന്നതിനിടെയാണ് ജോലിക്ക് തിരിച്ചെത്തിയവരിൽനിന്ന് രണ്ടുമാസത്തെ വാടക കൂടി ഈടാക്കുന്നത്. ഈ സാഹചര്യത്തിൽ മറ്റു താമസ സ്ഥലം കണ്ടെത്താൻ ബുദ്ധിമുട്ടായതിനാൽ പലരും വീട്ടിൽ നിന്ന് പണം അക്കൗണ്ടിലേക്ക് അയപ്പിച്ചും കടം വാങ്ങിയുമാണ് വാടക നൽകിയത്. പലയിടത്തും മാസ വാടക 4,700 രൂപ വരെ വാങ്ങുന്നവർ തിരിച്ചെത്തിയവരിൽനിന്ന് അധികമായി 3500 രൂപ വീതം വാങ്ങിയശേഷമാണ് പ്രവേശനം നൽകിയത്.
ലോക്ഡൗണിനിടയിൽ ഇത്തരത്തിൽ വാടകക്കായി നിർബന്ധിക്കരുതെന്ന സർക്കാർ നിർദേശം നിലനിൽക്കെയാണ് ഏപ്രിൽ, മേയ് മാസത്തെ വാടക പി.ജി ഉടമകൾ നിർബന്ധിച്ച് വാങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.