സൂര്യൻ പടിഞ്ഞാറുദിച്ചാലും തമിഴ്നാട്ടിൽ ബി.ജെ.പിക്ക് അധികാരം കിട്ടില്ല; അണ്ണാമലൈക്ക് മറുപടിയുമായി മന്ത്രി

ചെന്നൈ: തമിഴ്നാട്ടിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ പെരിയാറിന്‍റെ പ്രതിമകൾ നീക്കം ചെയ്യുമെന്ന സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈുടെ പരാമർശത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് (എച്ച്.ആർ & സി.ഇ) മന്ത്രി ശേഖർ ബാബു. കിഴക്ക് ഉദിക്കുന്ന സൂര്യൻ പടിഞ്ഞാറ് ഉദിച്ചേക്കാം എങ്കിലും ബി.ജെ.പിക്ക് ഒരിക്കലും തമിഴ്‌നാട്ടിൽ അധികാരത്തിൽ വരാൻ കഴിയില്ല. അടുത്ത 25 വർഷത്തേക്ക് ഡി.എം.കെ ഒഴികെ മറ്റൊരു പാർട്ടിക്കും തമിഴ്‌നാട്ടിൽ അധികാരം പിടിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐ.ടി (ഇൻകം ടാക്‌സ്) അല്ലെങ്കിൽ ഇ.ഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്) റെയ്‌ഡുകൾ നടത്തി ആളുകളെ എത്ര ഭീഷണിപ്പെടുത്തിയാലും ബി.ജെ.പിക്ക് ഇവിടെ അധികാരത്തിൽ വരാൻ കഴിയില്ല. ഇത് ദ്രാവിഡ മണ്ണാണ്. അടുത്ത 25 വർഷത്തേക്ക് ഡി.എം.കെ ഒഴികെ മറ്റൊരു പാർട്ടിക്കും തമിഴ്‌നാട്ടിൽ അധികാരം പിടിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ഡി.എം.കെ സർക്കാർ നടപ്പാക്കുന്ന നിരവധി ക്ഷേമപ്രവർത്തനങ്ങൾ കാരണം ഡി.എം.കെയുടെ വോട്ട് വിഹിതത്തിൽ 20 ശതമാനം വർധനവുണ്ടായി. അണ്ണാമലൈയെപ്പോലുള്ളവർ തങ്ങളെ ഭരിക്കാൻ തമിഴ്‌നാട്ടിലെ ജനങ്ങൾ ഒരിക്കലും അധികാരം നൽകില്ലെന്നും ശേഖർ ബാബു പറഞ്ഞു.

ബി.ജെ.പി അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ 50,000 ക്ഷേത്രങ്ങളുടെ ഭരണം നടത്തുന്ന തമിഴ്‌നാട്ടിലെ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്‍റെ പ്രവർത്തനം നിർത്തലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജ.പിയുടെ അധികാരത്തിലെ ആദ്യ ദിവസം എച്ച്.ആർ & സി.ഇയുടെ അവസാന ദിവസമായിരിക്കും എന്നായിരുന്നു അണ്ണാമലൈയുടെ പരാമർശം.

ജനങ്ങൾക്കെതിരായ പാർട്ടിയുണ്ടെങ്കിൽ അത് ഡി.എം.കെയാണെന്നും അധികാരത്തിലെത്തിയാൽ പെരിയാർ പ്രതിമകൾ നീക്കം ചെയ്യുമെന്നും കഴിഞ്ഞ ദിവസം കെ. അണ്ണാമലൈ പറഞ്ഞിരുന്നു. ശ്രീരംഗത്തെ രംഗനാഥസ്വാമി ക്ഷേത്രത്തിന് മുന്നിൽ വെച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.

"ജനങ്ങൾക്ക് എതിരായ ഒരു പാർട്ടിയുണ്ടെങ്കിൽ അത് ഡി.എം.കെയാണ്. ഉദാഹരണത്തിന് ഏതാണ്ട് 1967ൽ ഇതേ ക്ഷേത്രത്തിന് മുന്നിൽ അവർ അധികാരത്തിലെത്തിയ സമയത്ത് ഒരു പ്ലക് കാർഡ് സ്ഥാപിക്കപ്പെട്ടിരുന്നു. ദൈവത്തെ വിശ്വസിക്കുന്നവർ വിഡ്ഡികളാണ്, ദൈവത്തെ വിശ്വസിക്കുന്നവർ കബളിപ്പിക്കപ്പെടുകയാണ്, ദൈവത്തിൽ വിശ്വസിക്കരുത് എന്നായിരുന്നു അതിലെ വാചകം. ഇത് അവർ എല്ലാ ക്ഷേത്രങ്ങൾക്ക് മുന്നിലും സ്ഥാപിച്ചു. അതുകൊണ്ട് ബി.ജെ.പി ഒരു തീരുമാനമടുക്കുകയാണ്. തമിഴ്നാട്ടിൽ ബി.ജെ.പി അധികാരത്തിലെത്തുന്ന നിമിഷം ഈ പോസ്റ്ററുകളെല്ലാം നീക്കം ചെയ്യും" - അണ്ണാമലൈ പറഞ്ഞു.

ദ്രാവിഡ നേതാവും ജാതിവിരുദ്ധ നേതാവും യുക്തിവാദിയുമായ പെരിയാറിന്‍റെ പ്രതിമയെ കുറിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. പെരിയാറിന്‍റെ പ്രതിമകൾ നീക്കം ചെയ്ത ശേഷം ആൾവാർ, നായനാർ (വൈഷ്ണവരും ശൈവരും) സന്യാസിമാർ, തമിഴ് കവികൾ, സ്വാതന്ത്ര്യ സമര സേനാനികൾ, തിരുവള്ളുവർ എന്നിവരുടെ പ്രതിമകൾ പാർട്ടി സ്ഥാപിക്കുമെന്നും അണ്ണാമലൈ പറഞ്ഞു. അണ്ണാമലൈയുടെ പരാമർശത്തിന് പിന്നാലെ വിമർശനവുമായി ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും രംഗത്തെത്തിയിരുന്നു. അന്തരിച്ച നേതാക്കളോട് ബഹുമാനം കാണിക്കേണ്ടത് മര്യാദ മാത്രമാണെന്നും അണ്ണാമലൈയുടെ പരാമർശങ്ങൾ ഭയാനകമാണെന്നും എ.ഐ.എ.ഡി.എം.കെയുടെ മുൻ മന്ത്രി ഡി. ജയകുമാർ പറഞ്ഞു

Tags:    
News Summary - H.R and C.E minister slams Annamalai for his claims that he will remove periyar statues when bjp gets power

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.