വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വ്ലോദമിർ സെലൻസ്കിയും തമ്മിലുള്ള കൂടിക്കാഴ്ചക്കിടെ ഒരു ഘട്ടത്തിൽ ചർച്ചയുടെ സ്വഭാവം അപ്രതീക്ഷിതമായി മാറുകയായിരുന്നു. കൂടിക്കാഴ്ചക്കിടെ ട്രംപ് വ്ലോദമിർ സെലെൻസ്‌കിയെ ‘ഒരു മികച്ച വ്യക്തി’ എന്ന് വിശേഷിപ്പിച്ചു.
എന്നാൽ രണ്ട് പ്രസിഡന്റുമാരും തമ്മിലുള്ള കൂടിക്കാഴ്ച പെട്ടെന്ന് നാടകീയമായ വഴിത്തിരിവിലേക്ക് മാറുകയായിരുന്നു. യുക്രെയ്നും റഷ്യയും തമ്മിലുള്ള സമാധാനം മുന്നോട്ട് കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെ വെള്ളിയാഴ്ച വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽ നയതന്ത്ര ചർച്ചക്കിടെയാണ് അസാധാരണ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. ചർച്ച മുന്നോട്ടു പോയത് താരതമ്യേന ആശാവഹമായ രീതിയിലായിരുന്നു.
അപൂർവ ധാതുക്കളെക്കുറിച്ചുള്ള കരാർ അന്തിമമാക്കുന്നതിനും ട്രംപിന്റെ പിന്തുണ നിലനിർത്തുന്നതിനുമായാണ് സെലൻസ്‌കി വൈറ്റ് ഹൗസിലെത്തിയത്. വെള്ളിയാഴ്ച ഡൊണാൾഡ് ട്രംപുമായുള്ള ചർച്ചകളോടെ തന്റെ വൈറ്റ് ഹൗസ് സന്ദർശനം അവസാനിപ്പിക്കാമെന്ന് സെലൻസ്കി പ്രതീക്ഷിച്ചിരുന്നു. എന്നാൽ ട്രംപും യു.എസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും സെലൻസ്‌കിയെ പരസ്യമായി വിമർശിക്കുന്നതിലാണ് കാര്യങ്ങൾ അവസാനിച്ചത്. ഏകദേശം 30 മിനിറ്റ് നീണ്ടുനിന്ന ഔപചാരിക ചർച്ചകളും മാന്യമായ വാക്കുകളുമായാണ് യോഗം ആരംഭിച്ചത്.
എന്നാൽ, ‘സമാധാനത്തിലേക്കും അഭിവൃദ്ധിയിലേക്കുമുള്ള പാത നയതന്ത്രത്തിൽ ഏർപ്പെടുകയായിരിക്കാം’ എന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് നിർദേശിച്ചതോടെയാണ് ചർച്ച വഴി മാറുന്നത്. ‘അതാണ് പ്രസിഡന്റ് ട്രംപ് ചെയ്യുന്നതെ’ന്ന് വാൻസ് കൂട്ടിച്ചേർത്തു. എന്നാൽ ‘ആരും അദ്ദേഹത്തെ തടഞ്ഞില്ലെ’ന്ന് പുടിനെ പരാമർശിച്ചു കൊണ്ട് സെലൻസ്കി പറഞ്ഞു.
പുടിൻ വിശ്വിക്കാവുന്ന വ്യക്തിയല്ലെന്നും കൊലയാളികളോട് വിട്ടുവീഴ്ച പാടില്ലെന്നുമായിരുന്നു സെലൻസ്കിയുടെ മറുപടി. യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ഉറപ്പുകൾ ലഭിക്കണമെന്നും സെലൻസ്കി പറഞ്ഞു. തുടർന്ന് അദ്ദേഹം വിശദീകരണത്തിനായി വാൻസിനോട് ‘എന്തു നയതന്ത്രത്തെക്കുറിച്ചാണ് ജെ.ഡി നിങ്ങൾ സംസാരിക്കുന്നത്’? എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത്?’ എന്നു ചോദിച്ചു. ‘നിങ്ങളുടെ രാജ്യത്തിന്റെ നാശം അവസാനിപ്പിക്കുന്ന തരം’ എന്ന് വാൻസ് മറുപടി നൽകിയപ്പോൾ ചർച്ച കൂടുതൽ ചൂടുപിടിക്കുകയായിരുന്നു. തുടർന്ന് സെലൻസ്‌കി അനാദരവ് കാണിക്കുകയും അമേരിക്കൻ മാധ്യമങ്ങൾക്ക് മുന്നിൽ തന്റെ കേസ് വാദിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് വാൻസ് ആരോപിച്ചു.
മൂന്നാംലോക മഹായുദ്ധത്തിന് കാരണമായേക്കാവുന്ന നടപടികളാണ് സെലൻസ്കിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും ട്രംപ് പറഞ്ഞു. പുടിനുമായി വെടിനിർത്തൽ ചർച്ച നടത്താൻ കൂടുതൽ ശ്രമങ്ങൾ നടത്തണമെന്ന നിർദ്ദേശങ്ങളെ സെലൻസ്‌കി ശക്തമായി എതിർത്തു. ഇതിന് മറുപടിയായി, ട്രംപും വാൻസും സെലൻസ്കി ‘അനാദരവ്’ കാണിച്ചതായി ആരോപിച്ചു. തുടർന്ന് കൂടിക്കാഴ്ച പെട്ടെന്ന് അവസാനിക്കുകയും ഷെഡ്യൂൾ ചെയ്ത വാർത്തസമ്മേളനം നടക്കുന്നതിന് മുമ്പ് സെലെൻസ്‌കിയോട് പോകാൻ ആവശ്യപ്പെടുകയും ചെയ്തു.
യുദ്ധത്തിൽ യു.എസിന് ചെലവായ പണത്തിന് പകരമായി യുക്രെയ്ൻ സർക്കാറിന്റെ ഉടമസ്ഥതയിലുള്ള പ്രകൃതിവിഭവ വ്യവസായങ്ങളുടെ 50 ശതമാനം വരുമാനം യു.എസുമായി പങ്കിടുന്ന കരാറാണ് സെലൻസ്കി ഒപ്പിടാതെ മാറ്റിവെച്ചത്. ഇരുവരും തമ്മിലുള്ള ചർച്ചയും അനുബന്ധ സംഭവങ്ങളും ലോക മാധ്യമങ്ങൾ വൻ വാർത്തയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.