'തെരഞ്ഞെടുപ്പ് സമയത്ത് ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ ജയിലിലാക്കിയാൽ എത്രപേർ ജയിലിലാകും'; സുപ്രീംകോടതി

ന്യൂഡൽഹി: ഡി.എം.കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്‌റ്റാലിനെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ യുട്യൂബർ ദുരൈമുരുഗൻ സട്ടായിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്‌റ്റിസുമാരായ അഭയ് എസ് ഓഖ, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരം നടപടികൾ സ്വീകരിക്കുകയാണെങ്കിൽ എത്രപേരെ ശിക്ഷിക്കേണ്ടിവരുമെന്ന് കോടതി ചോദിച്ചു. പ്രതിഷേധിക്കുകയും അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നതിലൂടെ ദുരൈമുരുഗൻ തന്‍റെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തുവെന്ന് പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി.

തന്‍റെ ജാമ്യം റദ്ദാക്കിയ മദ്രാസ് ഹൈകോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ദുരൈമുരുഗനാണ് സുപ്രീംകോടതിയെ സമീപിച്ചത്. കോടതിക്ക് മുമ്പാകെ സത്യവാങ്മൂലം നൽകി ദിവസങ്ങൾക്കുള്ളിൽ തമിഴ്‌നാട് മുഖ്യമന്ത്രിക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ മദ്രാസ് ഹൈകോടതി ജാമ്യം റദ്ദാക്കിയത്.

അതേസമയം, ജാമ്യത്തിലിരിക്കെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തരുതെന്ന് ദുരൈമുരുഗനോട് നിബന്ധന വെക്കണമെന്ന അപേക്ഷ സുപ്രീംകോടതി പരിഗണിച്ചില്ല. ഒരു പ്രസ്താവന അപകീർത്തികരമാണോ അല്ലയോ എന്ന് ആരാണ് നിർണയിക്കുന്നതെന്നും ജസ്റ്റിസ് അഭയ് എസ്. ഓഖ ചോദിച്ചു.

Tags:    
News Summary - 'How many people will be jailed if those making allegations during elections are jailed'; Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.