ഇനിയുമെത്ര പെൺകുട്ടികൾ? ഒഡിഷയിൽ ഒരു മാസത്തിനുള്ളിൽ നാലാമത്തെ പെൺകുട്ടി കൂടി അഗ്നിക്കിരയായി

ഭുവനേശ്വർ: ഒഡിഷയിയെ നടുക്കി വീണ്ടും പെൺകുട്ടിയുടെ ജീവഹത്യാശ്രമം. ബാർഗഡ് ജില്ലയിൽ  13 വയസ്സുകാരി തീകൊളുത്തിതിനെ തുടർന്ന് ജീവനുവേണ്ടി മല്ലിടുകയാണെന്ന് പൊലീസ് പറഞ്ഞു. ഒരു മാസത്തിനുള്ളിൽ നടക്കുന്ന നാലാമത്തെ സംഭവമാണിത്.

ഗൈസിലത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഫിരിംഗ്മൽ ഗ്രാമത്തിലാണ് സംഭവം നടന്നത്. എട്ടാം ക്ലാസ് വിദ്യാർഥിനി ഫുട്ബോൾ ഗ്രൗണ്ടിൽവെച്ച് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗ്രാമവാസികൾ ഓടിയെത്തി തീ​ കെടുത്തുകയും പകുതി പൊള്ളലേറ്റ നിലയിൽ ബാർഗഡ് ജില്ലാ ആസ്ഥാന ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പെൺകുട്ടിയുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ട്. ആത്മഹത്യാശ്രമത്തിനു പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

ജൂലൈ 12 മുതൽ, സംസ്ഥാനത്ത് തീകൊളുത്തിയുള്ള മൂന്നു മരണങ്ങളിൽ പ്രതിഷേധം പുക​യവെയാണ് പുതിയ സംഭവം. ജൂലൈ 12ന് ബാലസോറിൽ നിന്നുള്ള 20 വയസ്സുള്ള ഒരു വിദ്യാർഥിനി തന്റെ കോളജ് കാമ്പസിൽ വെച്ചു തീകൊളുത്തി. രണ്ടു ദിവസത്തിന് ശേഷം ഭുവനേശ്വറിലെ എയിംസിൽ മരണത്തിനു കീഴടങ്ങി.

ഒരാഴ്ച കഴിഞ്ഞ് ജൂലൈ 19ന്, ബലംഗയിലെ 16 വയസ്സുള്ള ഒരു പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് നദീതീരത്ത് വെച്ച് തീകൊളുത്തി . ആഗസ്റ്റ് 2ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ അവൾ മരിച്ചു. ആഗസ്റ്റ് 6ന് കേന്ദ്രപാറ ജില്ലയിൽ പട്ടമുണ്ടൈ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതിനെ തുടർന്നാണ് മൂന്നാമത്തെ കേസ് റിപ്പോർട്ട് ചെയ്തത്.

കാമുകനെതിരെ പരാതി രജിസ്റ്റർ ചെയ്യാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചതിനെ തുടർന്ന് യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തതായി പോലീസ് പിന്നീട് പറഞ്ഞു. സംഭവത്തെത്തുടർന്ന് പട്ടമുണ്ടൈ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സൈലേന്ദ്ര മോഹൻ പല്ലൈയെ സ്ഥലം മാറ്റി. കാമുകന്റെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്യാൻ അദ്ദേഹം പെൺകുട്ടിയുടെ മാതാപിതാക്കളോട് ഉപദേശിച്ചതായി ആരോപിക്കപ്പെടുന്നു. കേന്ദ്രപാറയിലെ മരണം കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. 

മോഹൻ ചരൺ മാഝിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ തുടർച്ചയായി പെൺകുട്ടികൾ തീകൊളുത്തി കൊല്ലപ്പെട്ട സംഭവങ്ങളിൽ ഗുരുതരമായ അവഗണനയും ഭരണപരമായ അനാസ്ഥയും കാണിക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രിയും ബി.ജെ.ഡി മേധാവിയുമായ നവീൻ പട്‌നായിക് ആരോപിച്ചു. ‘ബി.ജെ.പി സർക്കാർ നടപടിയെടുക്കുന്നതിന് മുമ്പ് എത്ര അമ്മമാർ അവരുടെ പെൺമക്കളുടെ ചിതാഭസ്മം സൂക്ഷിക്കണം? സർക്കാറിന്റെ ഭാഗത്തുനിന്നുള്ള ഭയാനകമായ അവഗണനയാണിതെന്നും’ പട്‌നായിക് പറഞ്ഞു.

Tags:    
News Summary - 'How many more?’ Odisha sees fourth girl burned in a month as outrage over deaths grows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.