പ്രതീകാത്മക ചിത്രം

മധ്യപ്രദേശിലെ സർക്കാർ ആശുപത്രികളും രോഗികൾക്ക് നൽകുന്നത് മലിനജലം; ജൽ ജീവൻ മിഷന്‍റെ റിപ്പോർട്ട് പുറത്ത്

ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്രാമങ്ങളിൽ കുടിവെള്ളത്തിന്‍റെ മൂന്നിലൊന്നിൽ അധികവും കുടിക്കാൻ യോഗ്യമല്ലെന്ന് കേന്ദ്ര സർക്കാറിന്‍റെ ജൽ ജീവൻ മിഷന്‍റെ റിപ്പോർട്ട്. ഇൻഡോറിൽ മലിനമായ കുടിവെള്ളം കുടിച്ചതിലൂടെ നിരവധി പേർ മരിച്ച സംഭവത്തിന് പിന്നാലെയാണ് കണ്ടെത്തൽ.

ജനുവരി നാലിന് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ദേശീയ ശരാശരിയായ 76 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ മധ്യപ്രദേശിൽ നിന്നുള്ള 63.3 ശതമാനം കുടിവെള്ള സാംപിളുകൾ മാത്രമാണ് ഗുണനിലവാര പരിശോധന പാസായത്. അതായത് 36.7 ശതമാനം കുടിവെള്ള സാംപിളുകളും കുടിക്കാൻ യോഗ്യമല്ല. ഇതിൽ ആരോഗ്യത്തിന് ഭീഷണിയായ ബാക്ടീരിയകളും രാസപദാർഥങ്ങളും കണ്ടെത്തി.

2024 സെപ്റ്റംബർ, ഒക്ടോബർ കാലയളവിൽ സംസ്ഥാനത്തെ 15000ത്തോളം ഗ്രാമീണ വീടുകളിൽ നിന്ന് ശേഖരിച്ച സാംപിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. രാജ്യത്തെ മൊത്തം സർക്കാർ ആശുപത്രികളിലെ ജല സാംപിളുകളിൽ 83.1 ശതമാനവും സുരക്ഷിതമെന്ന് കണ്ടെത്തിയപ്പോൾ മധ്യപ്രദേശിലെ സർക്കാർ ആശുപത്രികളിൽ ഇത് 12 ശതമാനം മാത്രമാണ്. അതായത് സംസ്ഥാനത്തെ 88 ശതമാനം സർക്കാർ ആശുപത്രികളും രോഗികൾക്ക് വിതരണം ചെയ്യുന്നത് മലിനജലമാണ്. സ്കൂളുകളിൽ വിതരണം ചെയ്യുന്നതിൽ 26.7 ശതമാനം സാംപിളുകളും മലിനമാണെന്നും കണ്ടെത്തി.

ഗോത്ര ഗ്രാമങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമാണ്. ഗോത്രജനത തിങ്ങിപ്പാർക്കുന്ന അനുപ്പൂർ, ദിൻഡോരി എന്നിവിടങ്ങളിലെ ഒരു സാംപിൾ പോലും കുടിക്കാൻ യോഗ്യമല്ല. ബലാഘട്ട്, ബേതുൽ, ഛിണ്ട്വാര എന്നിവിടങ്ങളിലെ പകുതിയിലധികം സാംപിളുകളും മലിനമാണെന്ന് കണ്ടെത്തി. മധ്യപ്രദേശിലെ 31.5ശതമാനം വീടുകളിൽ മാത്രമേ കുടിവെള്ള പൈപ്പ് കണക്ഷൻ ലഭിക്കുന്നുള്ളൂ. ദേശീയ ശരാശരിയായ 70.9 ശതമാനത്തേക്കാൾ ഏറെ പിന്നിലാണിത്.

99.1 ശതമാനം ഗ്രാമങ്ങളിലും ജലവിതരണ പൈപ്പുകൾ ഉണ്ടെങ്കിലും 76.6ശതമാനം വീടുകളിൽ മാത്രമേ പ്രവർത്തന യോഗ്യമായ പൈപ്പുകൾ ഉള്ളൂ. അതായത് നാലിൽ ഒരു വീട്ടിൽ പൈപ്പുണ്ടെങ്കിലും വെള്ളമില്ല. ഇൻഡോർ ജില്ലയിൽ മുഴുവൻ വീടുകളിലും ജലവിതരണ വകുപ്പിന്‍റെ പൈപ്പ് കണക്ഷൻ ഉണ്ടെങ്കിലും 33 ശതമാനം വീടുകൾക്ക് മാത്രമാണ് അതുവഴി ശുദ്ധജലം ലഭിക്കുന്നത് എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത.

സംസ്ഥാനത്തെ നിലവിലെ സ്ഥിതി സാങ്കേതിക തകരാർ മൂലമുള്ള ദുരന്തമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. വെള്ളത്തിന്‍റെ നിലവാരത്തിൽ പുരോഗതിയില്ലെങ്കിൽ ഈ വർഷം ധനസഹായം കുറക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇൻഡോറിലെ ഭഗീരത്പുരയിൽ മലിനമായ കുടിവെള്ളം കുടിച്ചതിനെ തുടർന്ന് 18 പേർ മരിച്ചതിനെ തുടർന്നാണ് നടപടി.  

Tags:    
News Summary - hospitals in Madhya Pradesh are supplying unsafe drinking water to patients- Jal Jeevan Mission repport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.