ന്യൂഡൽഹി: രണ്ട് മാസമായി കലാപം തുടരുന്ന മണിപ്പൂരിൽ ദാരുണമായ ദൃശ്യങ്ങളാണ് എവിടെയും കാണാൻ കഴിഞ്ഞതെന്ന് രാജ്യസഭ എം.പി ജോൺ ബ്രിട്ടാസ്. ആയിരക്കണക്കിന് ആൾക്കാരാണ് അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നത്. ഹൃദയഭേദകമായ കാഴ്ചകളാണ് അവിടെയെന്നും മണിപ്പൂർ സന്ദർശിച്ച ശേഷം അദ്ദേഹം വ്യക്തമാക്കി.
സി.പി.എം എം.പിമാരായ ജോൺ ബ്രിട്ടാസ്, ബികാഷ് രജ്ഞൻ ഭട്ടാചാര്യ, സി.പി.ഐ എം.പിമാരായ സന്തോഷ് കുമാർ, സുബ്ബരായൻ എന്നിവരാണ് മണിപ്പൂർ സന്ദർശിച്ചത്. കലാപത്തിൽ പരിക്കേറ്റ് ബിഷൻപൂർ ആശുപത്രിയിലും ദുരിതാശ്വാസ ക്യാമ്പുകളിലും കഴിയുന്ന ജനങ്ങളെ നേരിൽ കണ്ട് സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.
വ്യാഴാഴ്ച മണിപ്പുരിലെത്തിയ സംഘം ഇംഫാലിലെ മെയ്തേയ് വിഭാഗത്തിൻറെ അഭയാർത്ഥി ക്യാമ്പുകളിലാണ് ആദ്യമെത്തിയത്. കലാപത്തിൽ ഇരയായവരെ നേരിൽ കണ്ട് വിഷമങ്ങൾ കേട്ട എംപിമാർ കഴിയാവുന്നതെല്ലാം ചെയ്യാമെന്നും ഉറപ്പു നൽകി. ഇന്നലെ ഹെലികോപ്ടർ മാർഗം ചുരാചന്ദ്പൂരിലെത്തി കുക്കി വിഭാഗത്തിന്റെ ക്യാമ്പുകൾ സന്ദർശിച്ചു.
ദുരിതമനുഭവിക്കുന്ന മണിപ്പൂർ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും സമാധാനം പുനഃസ്ഥാപിക്കാനായി അധികാരികളുമായി ചർച്ച നടത്തുന്നതിനുമാണ് എംപിമാരുടെ സംഘം മണിപ്പൂരിൽ എത്തിയെതന്ന് ബ്രിട്ടാസ് വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച ശേഷം എംപിമാരുടെ സംഘം മണിപ്പൂർ ഗവർണർ അനുസൂയ യുകെയുമായി കൂടിക്കാഴ്ച നടത്തി. ബിരേൻ സിങ് സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യവും ദുരിത ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ നിസ്സഹായ അവസ്ഥ ഗവർണറോട് വിശദീകരിച്ചു. തുടർന്ന് ഇംഫാലിൽ ചേർന്ന സമാധാന യോഗത്തിലും പങ്കെടുത്തു -അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.