ധരംശാല: തിബത്തൻ ആത്മീയ നേതാവ് ദലൈലാമ പിൻഗാമിയെ തേടുന്നുവെന്ന വാർത്തകൾക്കിടെ അടുത്തിടെയൊന്നും അതിന്‍റെ ആവശ്യമില്ലെന്ന സൂചനയുമായി ലാമയുടെ പ്രതികരണം. 90-ാം പിറന്നാളിന്‍റെ തലേദിവസമായ ശനിയാഴ്ച പ്രാർഥനക്കെത്തിയ ദലൈലാമ, താൻ ഇനിയും 30-40 വർഷങ്ങൾ കൂടി ജനസേവനത്തിനായി ജീവിച്ചിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു. അതിനായി അവലോകിതേശ്വരന്‍റെ അനുഗ്രഹം താൻ അറിയുന്നുവെന്നും ടെൻസിൻ ഗ്യാത്സോയിലെ ക്ഷേത്രത്തിൽ പ്രാർഥിച്ചശേഷം അദ്ദേഹം പറഞ്ഞു.
“എനിക്ക് അവലോകിതേശ്വരന്റെ അനുഗ്രഹമുണ്ട്. ഇതുവരെ എന്റെ പരമാവധി ചെയ്തു. ഇനിയും 30-40 വർഷം കൂടി ജീവിക്കാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ പ്രാർഥനകൾ ഇതുവരെ ഫലം കണ്ടു. നമ്മുടെ രാജ്യം നഷ്ടപ്പെട്ടു, ഇന്ത്യയിൽ അഭയാർഥിയായ കഴിയുന്നതിനാൽ, ധരംശാലയിൽ താമസിക്കുന്നവർക്ക് സേവനം നൽകാൻ എനിക്ക് കഴിഞ്ഞു. ഇനിയും എനിക്ക് കഴിയുന്നത്രയും അവരെ സേവിക്കാൻ താൽപര്യപ്പെടുന്നു” -ദലൈലാമ പറഞ്ഞു.
ദലൈലാമയുടെ പിൻഗാമി അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരമായിരിക്കണമെന്ന ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവനക്കെതിരെ ചൈന രംഗത്തെത്തിയിരുന്നു. ഉഭയകക്ഷി ബന്ധങ്ങളെ ബാധിക്കാതിരിക്കാൻ തിബറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇന്ത്യ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് പറഞ്ഞു. 14ാമത് ദലൈലാമയുടെ ചൈന വിരുദ്ധ വിഘടനവാദ സ്വഭാവം ഇന്ത്യ മനസ്സിലാക്കണമെന്നും സിസാങ് (തിബറ്റ്) സംബന്ധമായ വിഷയങ്ങളിലെ പ്രതിബദ്ധത മാനിക്കണമെന്നും അവർ പറഞ്ഞു.
ദലൈലാമയുടെ പിൻഗാമിയെക്കുറിച്ചുള്ള തീരുമാനം പ്രസ്ഥാനവും തിബറ്റൻ ബുദ്ധമതക്കാരുടെ നേതാവും എടുക്കുമെന്നും മറ്റാർക്കും അതിൽ പങ്കില്ലെന്നും റിജിജു കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ദലൈലാമയുടെ പിൻഗാമിയെക്കുറിച്ചുള്ള അഭിപ്രായങ്ങളോട് ഇന്ത്യൻ സർക്കാറിന്റെ പ്രതിനിധിയിൽനിന്നുള്ള ആദ്യ പ്രതികരണമായിരുന്നു അത്. സമാധാന നൊബേൽ സമ്മാന ജേതാവായ ദേലൈലാമയുടെ പിന്തുടർച്ചാവകാശ പദ്ധതി ചൈന തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് റിജിജുവിന്റെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.