റായ്‌പൂർ: ഛത്തീസ്ഗഢിലെ ഗ്രാമങ്ങളിൽ ‘ക്രിസ്ത്യൻ പാസ്റ്റർമാർക്കും മതംമാറിയ ക്രിസ്ത്യാനികൾക്കും പ്രവേശനമില്ല’ എന്ന് എഴുതിയ ബോർഡുകൾ സ്ഥാപിച്ചതിനെതിരെ നൽകിയ ഹരജി ഹൈകോടതി തള്ളി. നിർബന്ധിത മതംമാറ്റം തടയാൻ ഗ്രാമസഭയുടെ നേതൃത്വത്തിൽ സ്ഥാപിച്ച ഇവ ഭരണഘടനാവിരുദ്ധമല്ലെന്ന് ഹൈകോടതി വ്യക്തമാക്കി.
പാസ്റ്റർമാർക്കും മതം മാറിയ ക്രിസ്ത്യാനികൾക്കും പ്രവേശനം വിലക്കി എട്ട് ഗ്രാമങ്ങളിൽ സ്ഥാപിച്ച ഹോർഡിങ്ങുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് കോടതി തീർപ്പാക്കിയത്. പ്രലോഭിപ്പിച്ചും വഞ്ചിച്ചും നിർബന്ധിതമായി മതംമാറ്റുന്നത് തടയാനാണ് ഈ ഹോർഡിംഗുകൾ സ്ഥാപിച്ചിട്ടുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസ് രമേശ് സിൻഹ, ജസ്റ്റിസ് ബിഭു ദത്ത ഗുരു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഒക്ടോബർ 28നാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. തദ്ദേശീയരായ ഗോത്രവർഗക്കാരുടെയും പ്രാദേശിക സാംസ്കാരിക പൈതൃകത്തിന്റെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് ബന്ധപ്പെട്ട ഗ്രാമസഭകൾ ഈ ഹോർഡിങ്ങുകൾ സ്ഥാപിച്ചതെന്ന് ഉത്തരവിൽ കോടതി നിരീക്ഷിച്ചു.
ക്രിസ്ത്യൻ സമൂഹത്തെയും മത നേതാക്കളെയും മുഖ്യധാരയിൽ നിന്ന് വേർതിരിച്ച് ഊരുവിലക്കുന്ന ഇത്തരം ബോർഡുകൾക്കെതിരെ കാങ്കർ സ്വദേശിയായ ദിഗ്ബൽ താണ്ടി എന്നയാളാണ് റിട്ട് ഹർജി സമർപ്പിച്ചത്. പഞ്ചായത്ത് വകുപ്പിന്റെ നിർദേശപ്രകാരം ‘നമ്മുടെ പാരമ്പര്യം, നമ്മുടെ പൈതൃകം’ ( എന്ന പേരിൽ പ്രമേയം പാസാക്കാൻ ജില്ലാ പഞ്ചായത്ത്, ജൻപഥ് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവക്ക് നിർദേശം നൽകിയിരുന്നുവെന്നും, പാസ്റ്റർമാരുടെയും മതം മാറിയ ക്രിസ്ത്യാനികളുടെയും പ്രവേശനം ഗ്രാമത്തിൽ നിരോധിക്കുക എന്നതായിരുന്നു ഈ സർക്കുലറിന്റെ യഥാർത്ഥ ലക്ഷ്യമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ക്രിസ്ത്യൻ ന്യൂനപക്ഷ സമുദായത്തിൽ ഭയമുണ്ടാക്കുന്ന വിധത്തിൽ കാങ്കർ ജില്ലയിൽ മാത്രം കുറഞ്ഞത് എട്ട് ഗ്രാമങ്ങളിൽ ഊരുവിലക്ക് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
1996-ലെ പഞ്ചായത്ത് നിയമത്തിലെ (PESA) വ്യവസ്ഥകൾ ക്രിസ്ത്യൻ സമുദായത്തിനെതിരെ മതപരമായ വിദ്വേഷം പ്രചരിപ്പിക്കാൻ ദുരുപയോഗം ചെയ്തുവെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, പ്രാദേശിക സാംസ്കാരിക പൈതൃകം, ആരാധനാ കേന്ദ്രങ്ങൾ, സാമൂഹിക ആചാരങ്ങൾ എന്നിവ സംരക്ഷിക്കാൻ പെസ നിയമം ഗ്രാമസഭക്ക് അധികാരം നൽകുന്നുണ്ടെന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ (എഎജി) വൈ.എസ്. താക്കൂർ വാദിച്ചു.
ഗോത്രവർഗക്കാരെ നിയമവിരുദ്ധമായി മതപരിവർത്തനം ചെയ്യുന്നതിനായി ഗ്രാമത്തിൽ പ്രവേശിക്കുന്ന മറ്റ് ഗ്രാമങ്ങളിലെ ക്രിസ്ത്യൻ പാസ്റ്റർമാർക്ക് മാത്രമായി നിരോധനം ഏർപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ ഹോർഡിങ്ങുകൾ സ്ഥാപിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി. ആദിവാസികളെ പ്രലോഭിപ്പിച്ച് നിയമവിരുദ്ധമായി മതം മാറ്റുന്നത് അവരുടെ സംസ്കാരത്തിന് ഹാനികരമാണെന്ന് ഹോർഡിങ്ങുകളിൽ പറയുന്നുണ്ട്. 2023ൽ നാരായൺപൂർ ജില്ലയിൽ നടന്ന കലാപം ഉൾപ്പെടെയുള്ള സർക്കാർ അഭിഭാഷകൻ കോടതിയെ ഓർമിപ്പിച്ചു. ആ കലാപത്തിൽ കലാപകാരികൾ ക്രിസ്ത്യൻ പള്ളി നശിപ്പിക്കുകയും പൊലീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ളവരെ ആക്രമിക്കുകയും ചെയ്തിരുന്നു.
ഇരുപക്ഷത്തിന്റെയും വാദം കേട്ട കോടതി, നിയമപരമായ മറ്റുപരിഹാര മാർഗ്ഗങ്ങൾ തേടുന്നതിനു മുൻപ് തന്നെ ഹർജിക്കാരൻ ഹൈകോടതിയെ സമീപിച്ചതായി നിരീക്ഷിച്ചു. പരാതി പരിഹരിക്കാൻ ഹൈകോടതിയെ സമീപിക്കുന്നതിന് ലഭ്യമായ മറ്റ് മാർഗ്ഗങ്ങൾ ആദ്യം ഉപയോഗിക്കണം എന്നും ഉത്തരവിൽ പറയുന്നു.
ഛത്തീസ്ഗഢിൽ നേരത്തെ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ഏറെ വിവാദമായിരുന്നു. മതപരിവർത്തനം നടത്താൻ പെൺകുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ഗ്രീൻഗാർഡൻ സിസ്റ്റേഴ്സ് (എ.എസ്.എം.ഐ) സന്യാസി സഭ അംഗങ്ങളായ അങ്കമാലി എളവൂര്‍ ഇടവകയിലെ സിസ്റ്റര്‍ പ്രീതി മേരി, കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തത്. ഒമ്പത് ദിവസമാണ് ഇവരെ ജയിലിലടച്ചത്. പിന്നീട് 50,000 രൂപയുടെ ബോണ്ട്, രണ്ട് ആൾജാമ്യം, പാസ്പോർട്ട് സറണ്ടർ ചെയ്യണം എന്നീ ഉപാധികളോടെ ബിലാസ്പുരിലെ എൻ.ഐ.എ കോടതി ജാമ്യമനുവദിക്കുകയായിരുന്നു.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിത 143 വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ആദിവാസി പെൺകുട്ടിയടക്കം നാല് പെൺകുട്ടികളുമായി ആഗ്രയിലേക്ക് പോകുമ്പോഴാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽനിന്ന് ഛത്തീസ്ഗഡ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് ഇരുവരും. മാതാപിതാക്കളുടെ സമ്മതപ്രകാരം കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്ക് പോകുകയായിരുന്നു പെൺകുട്ടികളെന്ന് സി.ബി.സി.ഐ വനിത കൗൺസിൽ സെക്രട്ടറി സിസ്റ്റർ ആശ പോൾ വ്യക്തമാക്കിയിരുന്നു. എന്നാൽ, മതപരിവർത്തനം നടത്താൻ പെൺകുട്ടികളെ കടത്തിക്കൊണ്ട് പോകുകയാണെന്നാണ് ബജ്രങ്ദൾ പ്രവർത്തകർ ആരോപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.