ഭോപ്പാൽ: ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് കച്ചവടം നടത്തിയെന്നാരോപിച്ച് മുസ്ലിം യുവാവിന് നേരെ ക്രൂര മർദനം. മധ്യപ്രദേശിലെ ഇൻഡോറിനടുത്തുള്ള ഗോവിന്ദ് നഗറിൽ വളക്കച്ചവടം നടത്തിയ 25കാരൻ തസ്ലീമിനുനേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ചയാണ് സംഭവം.
ഹിന്ദു ഏരിയയിൽ ഇനി മേലിൽ വരരുതെന്നും ഞങ്ങളുടെ പെങ്ങൻമാരും പെൺമക്കളും വരുന്നയിടത്ത് വള വിൽക്കുകയാണോ എന്നും ചോദിച്ചായിരുന്നു മർദനം. ക്രൂരമായി മർദിച്ച ശേഷം യുവാവിന്‍റെ കച്ചവട സാധനങ്ങളും നശിപ്പിച്ചു.സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സംഭവം രാഷ്ട്രീയ വിവാദമായിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് ഇമ്രാൻ പ്രതാപ്ഗഢി രംഗത്തെത്തി.
എന്നാൽ സംഭവം വർഗീയ ആക്രമണമല്ലെന്ന വിശദീകരണവുമായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോട്ടം മിശ്ര രംഗത്തെത്തി. മുസ്ലിം കച്ചവടക്കാരൻ പേര് മറച്ചുവെച്ച് ഹിന്ദുപേരിൽ കച്ചവടം നടത്തുകയായിരുന്നെന്നും സാവൻ ഉത്സവത്തിന് ഞങ്ങളുടെ പെൺമക്കൾ ധരിക്കുന്ന വളകളും മെഹന്തിയും വിൽക്കുകയായിരുന്നെന്നും നരോട്ടം മിശ്ര പറഞ്ഞു. അതുകൊണ്ടാണ് അക്രമണം ഉണ്ടായതെന്നും വർഗീയ നിറം നൽകരുതെന്നും മിശ്ര കൂട്ടിച്ചേർത്തു. സംഭവത്തിൽ വലിയ പ്രതിഷേധവുമായി ജനങ്ങൾ പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധിച്ചതോടെ പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.