ഹിന്ദു രാഷ്ട്രവാദികൾക്ക് ഇന്ത്യ പോലൊരു രാജ്യത്ത് സ്ഥാനമില്ല; നേപ്പാളിലേക്ക് പോകാമെന്ന് തുഷാർ ഗാന്ധി

ന്യൂഡൽഹി: ഹിന്ദുക്കൾ അപകടത്തിലാണെന്ന വാദവും രാമക്ഷേത്ര നിർമാണം പോലുള്ള വിഷയങ്ങളിൽ സർക്കാരിന്‍റെ ഇടപെടലും ആശങ്കയുണ്ടാക്കുന്നതാണെന്ന് മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി. ചിലർ ഇതിനെ ഹിന്ദു രാഷ്ട്രവാദം എന്നാണ് വിളിക്കുന്നത്. എന്നാൽ ഹിന്ദു രാഷ്ട്രവാദികൾക്ക് ഇന്ത്യ പോലൊരു രാജ്യത്ത് സ്ഥാനമില്ലെന്നും അത്തരക്കാർക്ക് നേപ്പാളിലേക്ക് പോകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിന്ദുക്കൾ അപകടത്തിലാണ് എന്ന് പറയുന്നുണ്ട്. അവർ എങ്ങനെയാണ് അപകടത്തിലാകുന്നത്? രാമക്ഷേത്ര നിർമാണം പോലുള്ള വിഷയങ്ങളിൽ സർക്കാർ ഇടപെടൽ ഉണ്ടാകുന്നുണ്ട്. ഇതൊക്കെ ഹിന്ദു രാഷ്ട്രവാദമാണെന്നാണ് പറയുന്നത്. ഇതിന് ഒരു ഹിന്ദു രാഷ്ട്രം തന്നെ ആവശ്യമാണ്. പക്ഷേ നമ്മൾ ഒരു ഹിന്ദു രാഷ്ട്രമായി മാറിയിട്ടുണ്ടോ? സർവ ധർമ സമഭാവമെന്ന ആശയത്തിൽ വിശ്വസിക്കുന്ന ഇന്ത്യയെ പോലെ ഒരു രാജ്യത്ത് ഹിന്ദു രാഷ്ട്രവാദികൾക്ക് സ്ഥാനമില്ല. ഹിന്ദുത്വത്തെ കുറിച്ച് സംസാരിക്കുന്ന എല്ലാവരും ഹിന്ദുരാഷ്ടവാദികളാണെന്ന് നമുക്ക് എങ്ങനെ പറയാനാകും? അങ്ങനെ അവർ ഹിന്ദുരാഷ്ട്രവാദികളാണെങ്കിൽ അവർക്ക് നേപ്പാളിലേക്ക് പോകാം" - തുഷാർ ഗാന്ധി പറഞ്ഞു.

ഇത്തരം പരാമർശങ്ങൾ നമ്മളെ അടിമകളാക്കുകയാണെന്നും ഇവയ്ക്ക് പിന്നിലെ ഉദ്ദേശം മനസിലാക്കാൻ നമുക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"സാങ്കേതികവിദ്യയുടെ ഫലമായി ഒരുതരം കോളനിവൽക്കരണം നടക്കുന്നുണ്ട്. കോർപറേറ്റുകളും സാങ്കേതികവിദ്യയും തമ്മിൽ യോജിപ്പുള്ള ഒരു ബന്ധമുണ്ട്. കോർപറേറ്റുകൾ ലാഭത്തിനുവേണ്ടിയാണ് ബിസിനസ് ചെയ്യുന്നത്, അതേസമയം സാങ്കേതികവിദ്യയുടെ ആത്മാവ് നവീകരണമായിരിക്കണം. എന്നാൽ ഇന്ന് സാങ്കേതികവിദ്യയുടെ ലക്ഷ്യം ലാഭം ലക്ഷ്യം വെച്ചുള്ള മുതലാളിത്തമായി മാറിയിരിക്കുന്നു.

പല കാര്യങ്ങൾക്കും ജനങ്ങൾ പ്രതികരിക്കാതെയായെന്നും ഇന്ന് രാജ്യത്ത് നിലനിൽക്കുന്ന യു.എ.പി.എ നിയമം ചുമത്തപ്പെടാൻ ആരെങ്കിലും കുറ്റം ചെയ്യണമെന്നില്ല മറിച്ച് അധികാരികളുടെ ഉത്തരവുണ്ടായാൽ മതിയെന്നും തുഷാർ ഗാന്ധി പറഞ്ഞു.

Tags:    
News Summary - Hindu Rashtravadis have no place in India says Tushar Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.