ഹിന്ദുതീവ്രവാദ സംഘടനകളുടെ നേതൃത്വത്തിൽ വർഗീയ പ്രചരണം രൂക്ഷമായ ഉത്തരാഖണ്ഡിൽ കൂടുതൽ പ്രകോപനം സൃഷ്ടിച്ച് സന്യാസിമാർ. ഉത്തരാഖണ്ഡ്, ഉത്തർകാശിയിലെ പുരോലയിൽ മുസ്‍ലിംകൾ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് നടത്താനിരുന്ന മഹാപഞ്ചായത്ത് കോടതി തടഞ്ഞതിനുശേഷവും വർഗീയ പ്രചരണം തുടരുകയാണെന്ന് ‘ദി വയർ’ റിപ്പോർട്ട് ചെയ്യുന്നു. തങ്ങളുടെ ഇടപെടലിനെത്തുടർന്ന് മഹാപഞ്ചായത്ത് പിൻവലിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. 19 വരെ പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. എന്നാൽ ഇപ്പോഴും സന്യാസിമാരുടെ നേതൃത്വത്തിൽ വർഗീയ പ്രചരണം രൂക്ഷമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

‘ഈ ഭൂമി ദേവന്മാർക്കും ഋഷിമാർക്കും സന്യാസിമാർക്കും അവകാശപ്പെട്ടതാണ്. ഈ സ്ഥലം ഞങ്ങൾക്ക് മക്ക പോലെയാണ്. നമുക്ക് മക്കയിൽ പ്രവേശിക്കാൻ അനുവാദമുണ്ടോ? അതുപോലെ, ഇത് ഞങ്ങളുടെ മതസങ്കേതമാണ്. 2024-ഓടെ, സംസ്ഥാനത്തെ എല്ലാ മാംസ കച്ചവട സ്ഥാപനങ്ങളും അടച്ചുപൂട്ടിക്കൊണ്ട്, ജിഹാദിസ്റ്റ് സ്വാധീനത്തിൽ നിന്ന് ഞങ്ങൾ ഉത്തരാഖണ്ഡിനെ ശുദ്ധീകരിക്കും. 2024ൽ ഒരു ഹിന്ദു രാഷ്ട്രത്തിന്റെ സ്ഥാപനം ഇവിടെ തുടങ്ങും’-സംസ്ഥാനത്ത് വർഗീയ പ്രസംഗങ്ങൾ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ദർശൻ ഭാരതിയുടെ അടുത്ത അനുയായിയായ സ്വാമി ആദി യോഗി പറയുന്നു.

പ്രദേശത്തെ മൊത്തം 38 കടകൾ മുസ്ലീങ്ങൾക്ക് വാടകയ്ക്ക് നൽകിയിട്ടുണ്ട്, അതിൽ 12 കടകളുടെ ഭൂവുടമകൾ കടയുടമകളെ ഇതുവരെ ഒഴിപ്പിച്ചതായാണ് പ്രദേശവാസികൾ പറയുന്നത്. തീവ്രവാദികളുടെ റാലിക്കിടെ പൊലീസും അവരോടൊപ്പം നടക്കുകയായിരുന്നെന്ന് പ്രദേശവാസിയായ ഇമ്രാൻ ദി വയറിനോട് പറഞ്ഞു. ബി.ജെ.പി പ്രവർത്തകനായ സലീം അഹമ്മദ് എന്നയാളും കടകളിൽ നിന്ന് പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെടുന്നെന്നും ഇമ്രാൻ പറഞ്ഞു.

‘ഞങ്ങൾ അവരെ ഇവിടെ കച്ചവടം ചെയ്യാൻ അനുവദിക്കില്ല, കടകൾ തുറക്കാൻ അനുവദിക്കില്ല. അപ്പോൾ അവർ തനിയെ നാടുവിട്ട് ​പോകും’-ഉത്തരകാശി ജില്ലയിലെ ബിജെപി എസ്‌.സി വിഭാഗം ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് കുമാർ ദബ്രാൽ ദ റിപ്പോർട്ടേഴ്‌സ് കളക്ടീവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പ്രദേശത്ത് സർക്കാർ ക്രമസമാധാനം ഉറപ്പുവരുത്തണമെന്നു ചീഫ് ജസ്റ്റിസ് വിപിൻ സാംഗി നിർദേശിച്ചിട്ടുണ്ട്. മഹാപഞ്ചായത്ത് ഒഴിവായെങ്കിലും മുസ്‍ലിംകളെയും അവരുടെ കച്ചവടസ്ഥാപനങ്ങളെയും ബഹിഷ്കരിക്കുന്നുണ്ടെന്നും സ്ഥലം വിട്ടുപോകണമെന്നു ഭീഷണിയുണ്ടെന്നും ഹർജിക്കാരായ അസോസിയേഷൻ ഫോർ പ്രൊട്ടക്‌ഷൻ ഓഫ് സിവിൽ റൈറ്റ്സ് ചൂണ്ടിക്കാട്ടുന്നു. ഒരു പ്രത്യേക കടയിൽനിന്നു സാധനങ്ങൾ വാങ്ങണമെന്നോ വാങ്ങരുതെന്നോ ആരെയും നിർബന്ധിക്കാനാകില്ലെന്നായിരുന്നു ഇതിനു ചീഫ് ജസ്റ്റിസിന്റെ മറുപടി. ആദ്യം സംഘർഷാവസ്ഥ തണുക്കട്ടെയെന്നും വാദം കേട്ടശേഷം തുടർ ഉത്തരവുനൽകാമെന്നും കോടതി അറിയിച്ചു.


കേസിലെ വിവിധ കക്ഷികൾക്കു നോട്ടിസും അയച്ചിട്ടുണ്ട്. പുരോലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായത് ‘ലവ് ജിഹാദ്’ ആണെന്ന ആരോപണമാണു വിദ്വേഷപ്രചാരണമാക്കി മാറ്റിയത്. പെൺകുട്ടിയെ കാണാതായ കേസിൽ ഉബൈദ് ഖാൻ (24), ജിതേന്ദ്ര സൈനി (25) എന്നിവർ അറസ്റ്റിലായിരുന്നു. ഇതാണ് വർഗീയ പ്രചരണമായി ഹിന്ദുതീവ്രവാദികൾ ഏറ്റെടുത്തത്. 

Tags:    
News Summary - 'Hindu Rashtra Will Begin Here': Uttarakhand Sants Continue to Spread Communal Message

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.