അശോക സ്തംഭത്തിന് പകരം ഹിന്ദു ദൈവം; നാഷണൽ മെഡിക്കൽ കമീഷന്റെ പുതിയ ലോഗോയിൽ 'ഇന്ത്യ'യും പുറത്ത്

ന്യൂഡൽഹി: നാഷണൽ മെഡിക്കൽ കമീഷന്റെ ലോഗോയിൽ നിന്ന് അശോക സ്തംഭവും ഇന്ത്യയും പുറത്ത്. പകരം ഹൈന്ദവ ദൈവമായ ധന്വന്തരിയും ഭാരതവുമായാണ് ഇടം പിടിച്ചത്. ലോഗോയിലെ മാറ്റം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ ഉണ്ടായില്ലെങ്കിലും മെഡിക്കൽ കമീഷന്റെ വെബ്സൈറ്റിൽ പുതിയ ലോഗോയാണ് നൽകിയിരിക്കുന്നത്. പുതിയ ലോഗോക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നിട്ടുള്ളത്.

ഇന്ത്യയുടെ പേര് മാറ്റി ഭാരതം എന്നാക്കണമെന്ന ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് മെഡിക്കൽ കമീഷന്റെ പുതിയ നടപടി. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കി മാറ്റാനാണ് നീക്കം നടക്കുന്നത്. 

പാഠപുസ്തകങ്ങളിൽ ‘ഇന്ത്യ’ക്ക് പകരം ‘ഭാരത്’ എന്നാക്കാൻ നേരത്തെ നാഷനൽ കൗൺസിൽ ഓഫ് എജുക്കേഷനൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി) നിയോഗിച്ച ഏഴംഗ സാമൂഹിക ശാസ്ത്ര സമിതിയുടെ ശിപാർശ ചെയ്തിരുന്നു.

ജി20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതിയുടെ അത്താഴവിരുന്നിന് രാഷ്ട്രത്തലവന്മാർക്ക് നൽകിയ കത്തിൽ പ്രസിഡന്റ് ഓഫ് ഇന്ത്യക്ക് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് ഉപയോഗിച്ചത് വിവാദമായിരുന്നു. ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ നെയിം പ്ലേറ്റിലും ഇന്ത്യക്ക് പകരം ഭാരത് ആണ് ഉപയോഗിച്ചിരുന്നത്. പ്രതിപക്ഷ പാർട്ടികൾ ‘ഇൻഡ്യ’ എന്ന പേരിൽ സഖ്യം രൂപവത്കരിച്ചതോടെയാണ് പേരുമാറ്റം ചർച്ചയായത്.

Tags:    
News Summary - Hindu God Dhanvantari and Bharat in the logo of the National Medical Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.