ഹിമന്ത ബിശ്വ ശർമ്മ അടുത്ത അസം മുഖ്യമ​ന്ത്രി; സത്യപ്രതിജ്ഞ നാളെ

ഗുവാഹത്തി: വടക്ക് കിഴക്കൻ സംസ്ഥാനമായ അസമിൽ ബി.ജെ.പി മുതിർന്ന നേതാവ് ഹിമന്ത ബിശ്വ ശർമ്മ അടുത്ത മുഖ്യമ​ന്ത്രിയാകും. പുതിയ സർക്കാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങുകൾ നാളെ നടക്കും. ഹിമന്ത മന്ത്രിസഭയിൽ സോനോബാളും അംഗമാകുമെന്നാണ് റിപ്പോർട്ട്.

അസം മുഖ്യമന്ത്രി പദവിയിൽ എത്തുന്ന രണ്ടാമത്തെ ബി.ജെ.പി നേതാവാണ് ഹിമന്ത. നിയമസഭ മന്ദിരത്തിൽ ചേർന്ന ബി.ജെ.പി എം.എൽ.എമാരുടെ യോഗത്തിലാണ് ഹിമന്തയെ പാർലമെന്‍ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തത്. 

കേന്ദ്രമന്ത്രിയും ബി.ജെ.പി കേന്ദ്ര നിരീക്ഷകനുമായ നരേന്ദ്ര സിങ് തോമറിന്‍റെയും ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങിന്‍റെയും സാന്നിധ്യത്തിലായിരുന്നു പാർലമെന്‍ററി പാർട്ടി യോഗം നടന്നത്. പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന്‍റെ ഭാഗമായി നിലവിലെ മുഖ്യമന്ത്രി സർബാനന്ദ സോനോബാൾ രാവിലെ രാജിവെച്ചിരുന്നു.

മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ ഹിമന്ത ബിശ്വ ശർമ്മയും സർബാനന്ദ സോനോബാളും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായുമായും ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയുമായും കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് നേതാക്കൾ ഗുവാഹത്തിയിലെത്തി ഹിമന്തയെ പാർലമെന്‍ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തത്.

നിയമസഭ തെരഞ്ഞെടുപ്പിൽ ആകെയുള്ള 126ൽ 75 സീറ്റ് നേടിയാണ് എൻ.ഡി.എ തുടർഭരണം ഉറപ്പാക്കിയത്. ബി.ജെ.പി 60ഉം അസം ഗണ പരിഷത്ത് (എ.ജി.പി) ഒമ്പതും യുനൈറ്റഡ് പീപ്പിൾസ് പാർട്ടി -ലിബറൽ (യു.പി.പി.എൽ) ആറു സീറ്റുകളിൽ വിജയിച്ചു.

Tags:    
News Summary - Himanta Biswa Sarma to be next CM of Assam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.