ബി.ജെ.പി നേതാക്കൾ ആദ്യം അവരുടെ ആഭ്യന്തര പ്രശ്നം പരിഹരിക്കട്ടെ; ഹിജാബ് നിരോധനം പിൻവലിക്കാനുള്ള നീക്കത്തിൽ മറുപടിയുമായി പ്രിയങ്ക് ഖാർഗെ

ബംഗളൂരു: കർണാടകയിൽ 2022മുതൽ ബി.ജെ.പി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ച് മന്ത്രി പ്രിയങ്ക് ഖാർഗെ. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാ​ർഗെയുടെ മകനാണിദ്ദേഹം. കാബിനറ്റ് മന്ത്രിയായ ഇദ്ദേഹം കെ.പി.സി.സി കമ്മ്യൂണിക്കേഷൻസ് ചെയർമാനുമാണ്. ഭരണകക്ഷി പ്രീണന രാഷ്ട്രീയം നടത്തുകയാണെന്നും ഭിന്നിപ്പിച്ച് ഭരിക്കുകയാണെന്നുമുള്ള ബി.ജെ.പിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക്. നിയമാനുസൃത തീരുമാനമാണിതെന്നും ബി.ജെ.പി ആദ്യം സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കുകയാണ് വേണ്ടതെന്നും പ്രിയങ്ക് പറഞ്ഞു.

''കർണാടക സർക്കാർ ചെയ്യുന്നതെല്ലാം ഭരണഘടനയുടെ നിയമവും ചട്ടക്കൂടും അനുസരിച്ചാണ്. ബി.ജെ.പിക്ക് ഒന്നും ചെയ്യാനില്ല. അവർ ആദ്യം അവരുടെ ആഭ്യന്തര പ്രശ്നങ്ങൾ തീർക്കട്ടെ.'' -എന്നായിരുന്നു മാധ്യമപ്രവർത്തകരോട് പ്രിയങ്കിന്റെ പ്രതികരണം.

അതേസമയം, ഹിജാബ് നിരോധനം പിൻവലിക്കാനുള്ള തീരുമാനം യുവമനസുകളെ മതത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുന്നതാണെന്ന് ബി.ജെ.പി നേതാവ് ബി.​വൈ. വിജയേന്ദ്ര ആരോപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം പിൻവലിക്കാനുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തീരുമാനം നമ്മുടെ വിദ്യാഭ്യാസ ഇടങ്ങളുടെ മതേതര സ്വഭാവത്തെക്കുറിച്ച് ആശങ്ക ഉയർത്തുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ വസ്ത്രങ്ങൾ അനുവദിക്കുന്നതിലൂടെ സിദ്ധരാമയ്യ സർക്കാർ യുവ മനസ്സുകളെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നു. ഇത് പഠന അന്തരീക്ഷത്തെ തടസ്സപ്പെടുത്താനും സാധ്യതയുണ്ട്.-എന്നാണ് വിജയേന്ദ്ര എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.

കഴിഞ്ഞ വർഷം ജനുവരിയിലാണ് കർണാടകയിലെ ബി.ജെ.പി സർക്കാർ ആദ്യമായി ഹിജാബ് നിരോധിച്ചത്. ഉഡുപ്പിയിലെ സർക്കാർ പ്രീ യൂനിവേഴ്സിറ്റി കോളജിൽ ഹിജാബ് ധരിച്ച് ആറ് വിദ്യാർഥിനികൾക്ക് പ്രവേശനം നിഷേധിച്ചായിരുന്നു തുടക്കം.  

Tags:    
News Summary - Hijab ban lift, Karnataka minister Priyank Kharge's message for BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.