ആർ.ബി. ശ്രീകുമാറിന്‍റെ ഇടക്കാല ജാമ്യം 10 ദിവസം കൂടി നീട്ടി

അഹമ്മദാബാദ്: ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിൽ അറസ്റ്റിലായ മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാറിന് അനുവദിച്ച ഇടക്കാല ജാമ്യം ഗുജറാത്ത് ഹൈകോടതി 10 ദിവസം കൂടി നീട്ടി. നവംബർ 15 വരെയാണ് നേരത്തെ ജാമ്യം അനുവദിച്ചിരുന്നത്. സ്ഥിരം ജാമ്യത്തിനുള്ള അപേക്ഷ സെഷൻസ് കോടതി പരിഗണിക്കുന്നത് വരെയാണ് ഇടക്കാല ജാമ്യം നീട്ടിയത്.

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിൽ വിവിധ വകുപ്പുകൾ ചുമത്തി ഇക്കഴിഞ്ഞ ജൂണിലാണ് ആർ.ബി. ശ്രീകുമാറിനെ ഗുജറാത്ത് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കേസിൽ സെപ്റ്റംബർ 28ന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. കേസിൽ അദ്ദേഹത്തിനൊപ്പം അറസ്റ്റിലായ ടീസ്റ്റ സെതൽവാദിന് സുപ്രീം കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിനെയും കേസിൽ പ്രതിയാക്കിയിരുന്നു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള അന്നത്തെ ബി.ജെ.പി സർക്കാറിനെ അസ്ഥിരപ്പെടുത്താൻ അന്തരിച്ച കോൺഗ്രസ് നേതാവ് അഹ്മദ് പട്ടേലിന്റെ നേതൃത്വത്തിലുള്ള ഗൂഢാലോചനയിൽ ടീസ്റ്റയും ശ്രീകുമാറും പങ്കാളിയായിരുന്നതായാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ആരോപണം.

കലാപാനന്തരം സെറ്റൽവാദിന് 30 ലക്ഷം രൂപ ലഭിച്ചെന്നും ഇവർ ആരോപിച്ചു. ഗുജറാത്ത് കലാപത്തിനിടെ കൊല്ലപ്പെട്ട മുൻ കോൺഗ്രസ് എം.പി ഇഹ്സാൻ ജാഫരിയുടെ വിധവ സകിയ ജാഫരി നൽകിയ പരാതി നേരത്തെ സുപ്രീംകോടതി തള്ളിയതിനു പിന്നാലെയായിരുന്നു മൂന്നു പേർക്കുമെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. മോദിക്കും മറ്റ് 63 പേർക്കും സുപ്രീംകോടതി ക്ലീൻ ചിറ്റ് നൽകുകയും ചെയ്തിരുന്നു.

Tags:    
News Summary - High Court Extends Interim Bail Of Ex-DGP RB Sreekumar For 10 More Days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.