കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് 'പുനർജനിച്ച' ആ മൂന്നുവയസ്സുകാരി ഇവിടെയുണ്ട്; പതിനെട്ടിന്റെ നിറവിൽ

മുംബൈ: 2007 ജൂലൈ 18 വൈകീട്ട് 6.15. ബോറിവ്‌ലി വെസ്റ്റിലെ ലക്ഷ്മി ഛായ സൊസൈറ്റിയിൽ ഏഴുനില കെട്ടിടം ഉഗ്രശബ്ദത്തോടെ നിലംപൊത്തി. പ്രദേശമാകെ നിലവിളി ശബ്ദമുയർന്നു. പൊലീസും അഗ്നിരക്ഷ സേനയും നാട്ടുകാരുമെല്ലാം കുതിച്ചെത്തി അവശിഷ്ടങ്ങൾക്കിടയിൽ ജീവന്റെ തുടിപ്പ് തേടി തിരച്ചിൽ തുടങ്ങി. ജീവനറ്റ 29 മനുഷ്യ ശരീരങ്ങൾക്കൊപ്പം ഒരമ്മയുടെയും മൂന്നു വയസ്സുകാരിയായ മകളുടെയും ജീവൻ അവർ തിരിച്ചുപിടിച്ചു. അപകടമുണ്ടായി രണ്ട് മണിക്കൂറായപ്പോഴേക്കും മാതാവിനെ കണ്ടെടുത്തപ്പോൾ, കുട്ടിയെ രക്ഷിക്കാൻ നാല് മണിക്കൂറെടുത്തു.

തകർന്ന കെട്ടിടവും പുതുക്കിപ്പണിത കെട്ടിടവും

കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് 'പുനർജന്മം' ലഭിച്ച ശ്രേയ മേത്ത എന്ന് പേരുള്ള ആ കുട്ടിക്ക് ഇപ്പോൾ 18 വയസ്സുണ്ട്. "അന്നത്തെ എന്റെ അവസ്ഥയെക്കുറിച്ചോ ഞാൻ എങ്ങനെ അതിജീവിച്ചെന്നോ ഒന്നും ഓർമയില്ലാത്തതിനാൽ, ആ തീയതി എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രാധാന്യവും അർഹിക്കുന്നില്ല" അവൾ പറഞ്ഞു. ഞങ്ങൾ എല്ലാവരും ആ ദിവസം മറക്കാൻ ആഗ്രഹിക്കുകയാണെന്നായിരുന്നു പിതാവ് കേതൻ മേത്തയുടെ പ്രതികരണം.

മൂന്നാം നിലയിലെ ഫ്ലാറ്റിലാണ് ​ശ്രേയയും കുടുംബവും താമസിച്ചിരുന്നത്. "ഞാൻ ശ്രേയയെ വീടിനടുത്തുള്ള പൂന്തോട്ടം സന്ദർശിക്കാൻ ഒരുക്കുകയായിരുന്നു. ഞങ്ങൾ പലപ്പോഴും വൈകുന്നേരങ്ങളിൽ അവിടെ പോകാറുണ്ടായിരുന്നു. പോകാനൊരുങ്ങുമ്പോൾ, ഒരു വൻശബ്ദം കേട്ടു, എന്താണെന്ന് മനസ്സിലാവുന്നതിന് മുമ്പ്, എല്ലാം ഇരുണ്ടുപോയി. ഇരുവരും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി'' ശ്രേയയുടെ അമ്മ ഫാൽഗുനി മേത്ത അന്നത്തെ ദിവസം ഓർത്തെടുത്തു.

"എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. എന്നാൽ, അവശിഷ്ടങ്ങൾക്കടിയിലാണെന്ന് ഞാനറിഞ്ഞു. ശ്രേയയുടെ പേര് വിളിക്കാൻ തുടങ്ങി. ഒന്നുരണ്ടു തവണ അവളുടെ ശബ്ദം കേട്ടു. ഒരേസമയം ആശ്വാസവും നിരാശയുമുണ്ടായി. ഇതിൽനിന്ന് ഇപ്പോൾ പുറത്തുവരില്ലെന്നും ഞങ്ങൾ മരിക്കാൻ പോകുകയാണെന്നും ഉറപ്പായിരുന്നു. എനിക്ക് പുറത്തുനിന്നുള്ള ശബ്ദം കേൾക്കാമായിരുന്നു. തലക്ക് മുകളിൽ ബൂട്ടുകളുടെ ഞെരുക്കം കേട്ടു. ആരോ എനിക്ക് മുകളിലൂടെ നടക്കുന്നുണ്ടായിരുന്നു. ആരെങ്കിലും കേൾക്കുമെന്ന പ്രതീക്ഷയിൽ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് നിലവിളിക്കാൻ തുടങ്ങി. അപ്പോഴേക്കും ശ്രേയയുടെ ശബ്ദം കേൾക്കാതായിരുന്നു.

അവശിഷ്ടങ്ങൾക്കുള്ളിൽ ഒരു ചെറിയ വിടവ് ഞാൻ കണ്ടു. എനിക്ക് ഒരു വടി കിട്ടി. ഞാൻ അത് പിടിച്ച് ആ തുറസ്സിലൂടെ തള്ളുകയും വടി നിർത്താതെ ആട്ടുകയും ചെയ്തു. ഏകദേശം രണ്ട് മണിക്കൂറിന് ശേഷം, എന്നെ പുറത്തെടുത്ത് സ്ട്രെച്ചറിൽ കയറ്റി. എന്റെ ഒടിഞ്ഞ വലത് കൈ ഇടത് കൊണ്ട് പിടിച്ചത് ഓർക്കുന്നു. ധാരാളം രക്തം ഉണ്ടായിരുന്നു, പക്ഷേ വേദന കൂടുതലുണ്ടായിരുന്നില്ല. ഒരുപക്ഷെ ഞാനത് അനുഭവിച്ചറിയാൻ പറ്റാത്ത അവസ്ഥയിലായിരുന്നിരിക്കാം. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ്, എന്റെ മകളെ കണ്ടുപിടിക്കാൻ രക്ഷാപ്രവർത്തകരോട് അഭ്യർഥിച്ചു'' ഇപ്പോൾ 46 വയസ്സുള്ള ഫാൽഗുനി കൂട്ടിച്ചേർത്തു.

ശ്രേയ മാതാപിതാക്കൾക്കൊപ്പം

"ഞാൻ ജോലിക്ക് പോയതായിരുന്നു. അപകടത്തെ കുറിച്ച് ഫോൺ വന്നയുടൻ ഓടിയെത്തി. അവശിഷ്ടങ്ങളുടെ മല ഞാൻ കണ്ടു. എന്റെ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു. അഗ്നിരക്ഷ സേനയും തൊഴിലാളികളും പൊലീസും അടങ്ങുന്ന രക്ഷാ സേന ഞങ്ങളെ അകറ്റി നിർത്തി'' ചാർട്ടേഡ് അക്കൗണ്ടന്റായ കേതൻ പറഞ്ഞു.

''മകളുടെ ശരീരത്തിൽ ധാരാളം മുറിവുകൾ ഉണ്ടായിരുന്നു. തുടർന്ന് വേഗം ആശുപത്രിയിലേക്ക് കൊണ്ടുപോയി. അദ്ഭുതകരമായ രക്ഷാപ്രവർത്തനത്തിന് ശേഷം ഫാൽഗുനിയും ശ്രേയയും സുഖം പ്രാപിക്കാൻ മാസങ്ങളെടുത്തു. അവർ ഒരു ദിവസം വ്യത്യസ്‌ത ആശുപത്രികളിലായിരുന്നു. എന്നാൽ താമസിയാതെ ഞങ്ങൾ അവരെ ഒരുമിച്ചുകൂട്ടി. കൈകാലുകൾ ഒടിഞ്ഞ ഫൽഗുനിക്ക് ശസ്ത്രക്രിയ നടത്തി. പിന്നീട് വീണ്ടെടുപ്പിനുള്ള നീണ്ട കാലമായിരുന്നു. അപകടത്തിൽ ഞങ്ങളുടെ വീട്ടിലെ എല്ലാം നശിച്ചു. പ്രധാന വാതിൽ അതേപടി നിലനിന്നിരുന്നു. എന്നിരുന്നാലും, എനിക്ക് ഒന്നും നഷ്ടപ്പെട്ടില്ല, കാരണം എനിക്ക് ഏറ്റവും പ്രധാനപ്പെട്ട എന്റെ ഭാര്യയും മകളും അതിജീവിച്ചു. ഞങ്ങൾ എല്ലാവരും വളരെ ഭാഗ്യവാന്മാരായിരുന്നു", കേതൻ പറഞ്ഞു.

അപകടത്തെത്തുടർന്ന് കുടുംബം മറ്റൊരിടത്തേക്ക് മാറിയിരുന്നു. 18 നിലകളുമായി ലക്ഷ്മി ഛായ ടവർ പുനർനിർമിച്ചപ്പോൾ അവർ തിരിച്ചെത്തി. ഇപ്പോൾ അഞ്ചാം നിലയിലെ ഫ്ലാറ്റിൽ കഴിയുമ്പോൾ കൂട്ടിന് മറ്റൊരാൾ കൂടിയുണ്ട്, ശ്രേയയുടെ 12 വയസ്സുകാരി സഹോദരി നൈഷ.

Tags:    
News Summary - Here is the three-year-old girl who was 'reborn' from the rubble; At the age of eighteen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.