അയോധ്യ രാമക്ഷേത്രം: പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് തന്റെ നൃത്തശിൽപം ഉണ്ടാകുമെന്ന് നടി ഹേമമാലിനി

മുംബൈ: ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാൺ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് തന്റെ നൃത്തശിൽപം ഉണ്ടാകുമെന്ന് നടി ഹേമമാലിനി. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലാണ് ബി.ജെ.പി നേതാവും എം.പിയുമായ ഹേമമാലിനി ഇക്കാര്യം അറിയിച്ചത്. രാമായണത്തെ ആസ്പദമാക്കിയുള്ള ഡാൻസ് ഡ്രാമയാണ് താനും സംഘവും ചേർന്ന് അവതരിപ്പിക്കുകയെന്നും അവർ പറഞ്ഞു.

‘ജനം വർഷങ്ങളായി കാത്തിരിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാൺ പ്രതിഷ്ഠ ചടങ്ങിന് ഞാനും വരുന്നുണ്ട്. ജനുവരി 17ന് രാമായണ​ത്തെ അടിസ്ഥാനമാക്കിയുള്ള നൃത്തനാടകമാണ് ഞാനും സംഘവും അവതരിപ്പിക്കുന്നത്’ -ഹേമ മാലിനിയുടെ ഓഫിസ് പുറത്തിറക്കിയ വിഡിയോയിൽ നടി വിശദമാക്കി.

അതേസമയം, ബി.ജെ.പിയും സംഘ്പരിവാറും ചേർന്ന് പണിതീരാത്ത ക്ഷേത്രത്തിൽ 22ന് നടത്തുന്ന പ്രതിഷ്ഠ ചടങ്ങ് മതാചാരങ്ങൾക്ക് വിരുദ്ധമായതിനാൽ വിട്ടുനിൽക്കാനാണ് ആദിശങ്കരൻ സ്ഥാപിച്ച ബദരീനാഥ്, ശൃംഗേരി, ദ്വാരക, പുരി മഠങ്ങളിലെ ശങ്കരാചാര്യന്മാരുടെ തീരുമാനം. സ്വാമി നിശ്ചലാനന്ദ സരസ്വതി (പുരി ഗോവർധന മഠം), സ്വാമി ഭാരതിതീർഥ (ശാരദാപീഠം, ശൃംഗേരി), സ്വാമി സദാനന്ദ സരസ്വതി (ശാരദാപീഠം, ദ്വാരക), സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി (ജ്യോതിർമഠം, ബദരീനാഥ്) എന്നിവരാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്നത് രാഷ്ട്രീയ ലാക്കോടെയുള്ള ചടങ്ങുകളാണെന്ന അഭിപ്രായവും മഠാധിപതിമാർക്കുണ്ട്. പ്രമുഖ പ്രതിപക്ഷ പാർട്ടികൾ പ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചതിനൊപ്പമാണ് ഹൈന്ദവ ആത്മീയാചാര്യന്മാരുടെ വിട്ടുനിൽക്കൽ. രാമക്ഷേത്ര പ്രതിഷ്ഠക്ക് എതിരല്ലെന്നും മതപരവും ആത്മീയവുമാകേണ്ട ചടങ്ങ് രാഷ്ട്രീയ പരിപാടിയാക്കുന്നതിനോടുള്ള വിയോജിപ്പാണ് വിട്ടുനിൽക്കാൻ കാരണമെന്നുമാണ് അവർ പറയുന്നത്.

പല കാരണങ്ങൾ ശങ്കരാചാര്യന്മാർ വിശദീകരിക്കുന്നു. പണി പൂർത്തിയാകാത്ത ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്താൻ പാടില്ല. പ്രധാനമന്ത്രിയോ മറ്റു രാഷ്ട്രീയ നേതാക്കളോ അല്ല ഈ ചടങ്ങിനെ നയിക്കേണ്ടത്. പരമ്പരാഗത ക്ഷേത്ര നിർമാണ, വിഗ്രഹ പ്രതിഷ്ഠാ രീതികൾക്കും സനാതന ധർമശാസ്ത്രത്തിനും വിരുദ്ധമാണ് ചടങ്ങ്. ആത്മീയതക്കല്ല ഊന്നൽ. ഇത്തരമൊരു പരിപാടിക്കുമുമ്പ് ആത്മീയ നേതാക്കളെന്ന നിലയിൽ ബന്ധപ്പെട്ടവരോട് കൂടിയാലോചന നടത്തിയില്ല. ഹിന്ദുവികാരം ചൂഷണം ചെയ്യുന്നതിലാണ് ശ്രദ്ധയെന്നും അവർ കുറ്റപ്പെടുത്തുന്നു.

Tags:    
News Summary - Hema Malini To Perform Dance Drama In Ayodhya At Pran Pratishtha Ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.