മുംബൈ: കനത്ത മഴ തുടരുന്ന മുംബൈയിൽ ഇന്നും ട്രെയിൻ-വിമാന സർവീസുകൾ തടസ്സപ്പെട്ടു. നിരവധി ട്രെയിനുകൾ വൈകുകയും ലണ്ടനിൽ നിന്നുള്ള ജെറ്റ് എയർവേസ് വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ച് വിടുകയും ചെയ്തു. വൈദ്യുത വിതരണത്തിൽ വന്ന പ്രതിസന്ധി കാരണം റെയിൽവേയുടെ സെൻട്രൽ ലൈനിൽ 15 മിനിറ്റ് വരെ ട്രെയിനുകൾ വൈകും.
മഴ കാരണം നഗരത്തിലെ റോഡുകളിൽ വെള്ളം നിറഞ്ഞ് ഗതാഗതം സ്തംഭിച്ചു. ദാദർ, പരേൽ, ബാന്ദ്ര, ബോരിവല്ലി അന്ദേരി എന്നിവിടങ്ങളിലാണ് റോഡിൽ വെള്ളം കയറിയത്. നഗരത്തിൽ മെട്രോയുടെ പണിനടക്കുന്നതിനാൽ മഴകനത്താൽ വെള്ളക്കെട്ട് അധികമാവാൻ സാധ്യതയുണ്ട്. ഇത് മൺസൂണിന് മുന്നോടിയായുള്ള മഴയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറോളം മഴ തുടരാൻ സാധ്യതയുണ്ടെന്നും അവർ അറിയിച്ചു.
മഴ കനത്തിട്ടും മുംബൈ കോർപറേഷൻ കാര്യമായ നടപടിയെടുത്തില്ലെന്ന പരാതി ഉയരുന്നതിനിടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ലീവ് റദ്ദാക്കി മുൻകരുതൽ നടപടികളാരംഭിച്ചതായി ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപറേഷൻ അറിയിച്ചു.ഗോവ, കൊങ്കൺ മേഖലകളിൽ മൺസൂൺ എത്തിയതിനാൽ ഗുജറാത്ത്, തെക്കൻ മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഢ്, ഒഡീഷ എന്നിവിടങ്ങളിൽ വാരാന്ത്യത്തോടെ ശക്തമായ മഴ പ്രതീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.