ഹൈദരാബാദ്: സ്‌കൂളിൽ തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ (കെ.സി.ആർ) ജന്മദിനാഘോഷം സംഘടിപ്പിച്ച പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തു. വിദ്യാഭ്യാസ മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് പരിപാടി സംഘടിപ്പിച്ചതിനാലാണ് സസ്പെൻഷൻ.
നന്ദാവരത്തെ മണ്ഡൽ പരിഷത്ത് സ്കൂളിൽ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് രജിതയുടെ നേതൃത്വത്തിലാണ് പിറന്നാളാഘോഷം സംഘടിപ്പിച്ചത്. പരിപാടിയെക്കുറിച്ച് അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് വിദ്യാഭ്യാസ അധികൃതർ ഉടൻ ഇടപെട്ടു. സർക്കാർ സ്കൂളുകൾ അക്കാദമിക് കേന്ദ്രീകൃത പ്രവർത്തനങ്ങൾ കർശനമായി പാലിക്കണമെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും അവർ പറഞ്ഞു.
വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അന്വേഷണ ഫലങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ഈ മാസം ആദ്യം, ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ ഒരു അധ്യാപികയെ സ്കൂൾ പരിസരത്ത് കാർ വൃത്തിയാക്കാനും മറ്റ് സ്വകാര്യ ജോലികൾ ചെയ്യാനും വിദ്യാർഥികളെ നിർബന്ധിച്ചതിന് സസ്‌പെൻഡ് ചെയ്തിരുന്നു. രംഗംപേട്ട മണ്ഡലത്തിലെ വെങ്കടപുരം ഗ്രാമത്തിലെ അപ്പർ പ്രൈമറി സ്കൂളിലാണ് സംഭവം.
സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായതോടെ വ്യാപകമായ പ്രതിഷേധം ഉയർന്നു. പൊതുജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഉടനടി നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.