ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിൽ നിന്ന് കാണാതായ മൂന്ന് വയസുകാരന്റെ വികൃതമായ മൃതദേഹം ഉത്തർപ്രദേശിലെ മീററ്റിൽ നിന്ന് ചൊവ്വാഴ്ച കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. നവംബർ 30ന് പ്രീത് വിഹാറിലെ വസതിയിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോകുകയും പിന്നീട് അയൽക്കാരിൽ ഒരാൾ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മീററ്റിലെ വയലിൽ നിന്നാണ് കൊല്ലപ്പെട്ട കുഞ്ഞിന്റെ തലയില്ലാത്ത ശരീരം കണ്ടെടുത്തത്. അറസ്റ്റിലായ പതിനാറുകാരൻ നരബലിയുടെ ഭാഗമായാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.
"ജഗത്പുരിയിലെ വസതിയിലേക്ക് ഒരു പൊലീസ് സംഘത്തെ അയച്ചു. പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർച്ചയായ ചോദ്യം ചെയ്യലിൽ, കുട്ടിയെ മീററ്റിലെ ഒരു കരിമ്പ് തോട്ടത്തിൽ ഉപേക്ഷിച്ചതായി പ്രതി വെളിപ്പെടുത്തി. അതിനുശേഷം, ഒരു സംഘത്തെ മീററ്റിലേക്ക് അയച്ചു. തലയും കൈകാലുകളും ഇല്ലാത്ത മൃതദേഹം ലോക്കൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്" -മുതിർന്ന പൊലീസ് ഓഫീസർ അമൃത ഗുഗുലോത്ത് പറഞ്ഞു.
" കുഞ്ഞിന്റെ തലയും സമീപത്ത് നിന്ന് കണ്ടെത്തി. സാധനങ്ങളുടെയും വസ്ത്രങ്ങളുടെയും അടിസ്ഥാനത്തിൽ, മൃതദേഹം പ്രീത് വിഹാർ പ്രദേശത്ത് നിന്ന് കാണാതായ കുട്ടിയുടെതാണെന്ന് തിരിച്ചറിഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്" -അമൃത ഗുഗുലോത്ത് കൂട്ടിച്ചേർത്തു. കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും പ്രീത്‍വിഹാറിലെ റോഡ് ഉപരോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.