ശിരോവസ്ത്ര വിവാദം: മംഗളൂരുവിൽ കോളജ് അടച്ചു

ബംഗളൂരു: ശിരോവസ്ത്രം ധരിച്ച വിദ്യാർഥിനികളെ പരീക്ഷക്കിരുത്തുന്നതിനെതിരെ ചില വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തെ തുടർന്ന് മംഗളൂരു കാർ സ്ട്രീറ്റിലെ ഗവ. ഫസ്റ്റ് ഗ്രേഡ് കോളജ് അടച്ചു. 2000 ത്തിലേറെ വിദ്യാർഥികൾ പഠിക്കുന്ന തീരദേശമേഖലയിലെ പ്രധാന സർക്കാർ കോളജാണിത്. സംഘർഷാവസ്ഥയെ തുടർന്ന് നടക്കാനിരിക്കുന്ന പരീക്ഷകൾ മാറ്റിയതായി കോളജ് അധികൃതർ അറിയിച്ചു.


നേരത്തെ മുസ്ലിം പെൺകുട്ടികൾക്ക് യൂനിഫോമിന്‍റെ ഭാഗമായി ശിരോവസ്ത്രം ധരിക്കാൻ അനുമതിയുണ്ടായിരുന്നു. എന്നാൽ, ശിരോവസ്ത്ര കേസിൽ കർണാടക ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് വന്നതോടെ അധികൃതർ അനുമതി പിൻവലിച്ചു. തുടർന്ന് ചില വിദ്യാർഥിനികൾ ക്ലാസിൽ കയാറാതെ പ്രതിഷേധ സമരത്തിലായിരുന്നു.


മാർച്ച് മൂന്നിനാണ് കോളജിൽ ഇന്‍റേണൽ പരീക്ഷ ആരംഭിച്ചത്. ശിരോവസ്ത്രം ധരിച്ചുതന്നെ പരീക്ഷയെഴുതാൻ അനുമതിനൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിനികളും തടയാൻ ചില വിദ്യാർഥികളും രംഗത്തുവന്നതോടെ കഴിഞ്ഞദിവസങ്ങളിൽ കോളജിന് മുന്നിൽ വാക്തർക്കം അരങ്ങേറിയിരുന്നു. ഇതിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. കോളജ് അധികൃതരും സ്ഥലത്തുണ്ടായിരുന്ന പൊലീസും ഇടപെട്ട് രംഗം ശാന്തമാക്കി. ശിരോവസ്ത്രം ധരിച്ച് പരീക്ഷയെഴുതാൻ ആദ്യം അനുമതി നൽകിയ പ്രിൻസിപ്പൽ പിന്നീട് എ.ബി.വി.പി പ്രവർത്തകരുടെ സമ്മർദത്തെ തുടർന്ന് പിൻവലിക്കുകയായിരുന്നെന്ന് വിദ്യാർഥിനികൾ ആരോപിച്ചു.

Tags:    
News Summary - hijab controversy: College closed in Mangalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.