എൻ.ഡി.എയിൽ ചേരാൻ കെ.സി.ആർ ആഗ്രഹിച്ചു; എന്നാൽ ഞാനത് തള്ളി: അതിനു ശേഷമാണ് അദ്ദേഹം മാറിയത് -അവകാശവാദവുമായി നരേന്ദ്രമോദി

ഹൈദരാബാദ്: ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കടുത്ത വിമർശകനാണ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. സ്വന്തം സംസ്ഥാനത്ത് പ്രധാനമന്ത്രിയെത്തുമ്പോൾ സ്വീകരിക്കാൻ പോലും അദ്ദേഹം പോകാറില്ല. അദ്ദേഹത്തെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് മോദി.

എൻ.ഡി.എയിൽ ചേരാൻ കെ.സി.ആർ താൽപര്യപ്പെട്ടിരുന്നുവെന്നും എന്നാൽ താൻ അത് തടയുകയായിരുന്നുവെന്നുമാണ് മോദി അവകാശ​പ്പെട്ടത്. അതിനു ശേഷമാണ് അദ്ദേഹത്തിന്റെ സ്വഭാവം മാറിയത്. തെലങ്കാനയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ​''കെ.സി.ആറും അദ്ദേഹത്തിന്റെ പാർട്ടിയായ ഭാരത് രാഷ്ട്ര സമിതിയും എൻ.ഡി.എയിൽ ചേരാൻ നിരവധി തവണ ശ്രമം നടത്തി. അതെല്ലാം വ്യക്തിപരമായി ഇടപെട്ട് ഞാൻ തടഞ്ഞു. തെലങ്കാനയിലെ ജനങ്ങളെ വഞ്ചിക്കാൻ ഞങ്ങൾ തയാറല്ല എന്നായിരുന്നു ഞാൻ പറഞ്ഞത്. അതിനു ശേഷം അദ്ദേഹത്തിന്റെ മനസ് മാറി, രോഷാകുലനായി മാറി. ''-ജനക്കൂട്ടത്തോട് മോദി പറഞ്ഞു.

 ഞാൻ നിങ്ങളോട് ഒരു രഹസ്യം പറയാൻ പോവുകയാണ് എന്ന് പറഞ്ഞാണ് മോദി തുടങ്ങിയത്. പറയുന്നത് 100 ശതമാനം സത്യമാണെന്നും പ്രധാനമന്ത്രി ആണയിട്ടു. 2020 ലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചില്ല. ബി.ജെ.പിക്ക് 48 സീറ്റാണ് ലഭിച്ചത്. അന്ന് കെ.സി.ആറിന് ഞങ്ങളുടെ പിന്തുണ ആവശ്യമായിരുന്നു. സ്നേഹാദരത്തോടെ അദ്ദേഹം എന്നെ ഷാളണിയിച്ചു.

എന്നിട്ട് അദ്ദേഹത്തെ എൻ.ഡി.എയുടെ ഭാഗമാക്കാൻ എന്നോട് ആവശ്യപ്പെട്ടു. ഇങ്ങനെയായിരുന്നില്ല അന്ന് അദ്ദേഹത്തിന്റെ സ്വഭാവം. എന്നാൽ ഞാൻ നിരസിച്ചു. തെലങ്കാനയിലെ ജനങ്ങളെ വഞ്ചിക്കാൻ തയാറല്ല എന്നായിരുന്നു മറുപടി.-മോദി പറഞ്ഞു.

Tags:    
News Summary - He changed after that PM claims he turned down KCR's request to join NDA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.