ഹാഥ്​റസ്​: പ്രതിഷേധത്തിന്​ ആഹ്വാനം ചെയ്​ത്​ പ്രതിപക്ഷ പാർട്ടികൾ; ഇന്ത്യ ഗേറ്റിൽ നിരോധനാജ്ഞ

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാഥ്​റസിലെ കൂട്ട ബലാത്സംഗക്കൊലയിൽ ഡൽഹിയിലും പ്രതിഷേധം ശക്തമാകുന്നു. ഗുജറാത്ത്​ എം.എൽ.എയും സാമൂഹിക പ്രവർത്തകനുമായ ജിഗ്​നേഷ്​ മേവാനി ഇന്ത്യ ഗേറ്റിൽ പ്രതിഷേധ കൂട്ടായ്​മക്ക്​ ആഹ്വാനം ചെയ്​തു. വി ദ പീപ്പിള്‍ ഓഫ് ഇന്ത്യ എന്ന കൂട്ടായ്മയുടെ കീഴിൽ വൈകിട്ട്​ അഞ്ചു മണിക്ക്​ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന്​ അറിയിച്ചതോടെ ഇന്ത്യ ഗേറ്റില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോൺഗ്രസ്​, എ.എ.പി നേതാക്കൾ പ്രതിഷേധ കൂട്ടായ്​മയിൽ പ​ങ്കെടുക്കും.

പെൺകുട്ടിയുടെ കുടുംബത്തെ സർക്കാർ ഭീഷണിപ്പെടുത്തുകയാണെന്ന്​ പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചും കുടുംബത്തെ ഒറ്റപ്പെടുത്തിയും കേസ്​ ഒതുക്കാനാണ്​ യു.പി സർക്കാറും പൊലീസും ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാക്കൾ വിമർശിച്ചു.

പെൺകുട്ടി ബലാത്സംഗത്തിനിരയായിട്ടില്ല എന്നാണ്​ യു.പി പൊലീസ്​ അഡീഷണൽ ഡയറക്​ടർ ജനറൽ പറയുന്നത്​. മാധ്യമങ്ങളും ബാക്കി എല്ലാവരും പോകും ഞങ്ങള്‍ മാത്രമേ കാണൂ എന്ന് ജില്ലാ മജിസ്ട്രേറ്റ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയതും വാർത്തയായിരുന്നു. നിയമസഹായം നല്‍കാന്‍ തയാറായ നിർഭയ കേസിലെ അഭിഭാഷക സീമ കുശ്വാഹയെ ഹാഥ്​റസിലെത്താനും പൊലീസ്​ അനുവദിച്ചില്ല.

പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ തിരിച്ച കോൺഗ്രസ്​ നേതാക്കളായ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും യു.പി പൊലീസ്​ തടയുകയും കസ്​റ്റഡിയിലെടുക്കുകയും ചെയ്​തിരുന്നു. യു.പി സർക്കാറി​െൻറ അടിച്ചമർത്തലിനെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറിയിച്ചു. അഞ്ച് മണിക്ക് ഡല്‍ഹിയില്‍ ശക്തമായ പ്രതിഷേധം ഉയർത്താനാണ് വി ദ പീപ്പിള്‍ ഓഫ് ഇന്ത്യ എന്ന കൂട്ടായ്മയുടെ തീരുമാനം. പ്രതിപക്ഷ പാർട്ടി നേതാക്കളും പങ്കെടുക്കുമെന്നാണ് വിവരം. ഇത് മുന്നില്‍ കണ്ടാണ് ഇന്ത്യ ഗേറ്റില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ജന്തർമന്തറിൽ ധർണ നടത്തുമെന്ന്​ പ്രിയങ്ക ഗാന്ധി അറിയിച്ചിരുന്നുവെങ്കിലും പരിപാടിക്ക്​ പൊലീസ്​ അനുമതി നൽകിയിരുന്നില്ല. ജന്തർമന്തറിലെ പരിപാടികള്‍ക്ക് മുന്‍കൂര്‍ അനുമതി തേടണമെന്നും 100 പേർക്കേ പങ്കെടുക്കാനാകൂ എന്നും പൊലീസ് അറിയിച്ചു. എന്നാൽ ശക്തമായ പ്രതിഷേധ പരിപാടിയുമായി മുന്നോട്ട്​ പോകാനാണ്​ പ്രതിപക്ഷ പാർട്ടികളുടെ നീക്കം.  

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.