ന്യൂഡൽഹി: വിദ്വേഷ പ്രസംഗങ്ങൾ തടയാൻ രാജ്യത്തെ നിലവിലെ നിയമസംവിധാനങ്ങൾ പര്യാപ്തമാണെന്നും എന്നാൽ പ്രായോഗിക തലത്തിൽ ഇത് പരിഹാരമാകുന്നില്ലെന്ന് സുപ്രീം കോടതി നിരീക്ഷണം. നിയമങ്ങളുടെ അഭാവമല്ല, മറിച്ച് അവ നടപ്പിലാക്കുന്നതിൽ വരുത്തുന്ന വീഴ്ചയാണ് വിദ്വേഷ പ്രസംഗങ്ങൾ വർധിക്കാൻ കാരണമെന്ന് കോടതി വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്) എന്നിവയിൽ ഇത്തരം കുറ്റകൃത്യങ്ങൾ നേരിടാൻ വ്യക്തമായ വകുപ്പുകളുണ്ടെന്നും ഭരണഘടനാ മൂല്യമായ സാഹോദര്യത്തിന് വെറുപ്പുപ്രസംഗങ്ങൾ വിരുദ്ധമാണെന്നും കോടതി ഓർമ്മിപ്പിച്ചു.
വിദ്വേഷ പ്രസംഗങ്ങളിൽ പരാതി ലഭിച്ചാലുടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന മുൻ ഉത്തരവുകൾ പൊലീസ് പാലിക്കണമെന്ന് കോടതി ആവർത്തിച്ചു. മജിസ്‌ട്രേറ്റിന് ഇത്തരം പരാതികളിൽ നടപടിയെടുക്കാൻ മുൻകൂർ അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ, ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ നിയമം ലംഘിക്കുമ്പോൾ പലപ്പോഴും നടപടികൾ ഉണ്ടാകാത്തത് നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളിയാണ്. നിയമങ്ങൾ നിർമ്മിക്കുന്നത് കോടതിയുടെ ചുമതലയല്ലെന്നും അത് സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും നിരീക്ഷിച്ച കോടതി, നിയമങ്ങൾ വ്യാഖ്യാനിക്കുക മാത്രമാണ് തങ്ങളുടെ ചുമതലയെന്നും വ്യക്തമാക്കി.
എന്താണ് വിദ്വേഷ പ്രസംഗം എന്ന കാര്യത്തിൽ കൃത്യമായ നിയമപരമായ നിർവചനം ഇല്ലാത്തത് പലപ്പോഴും പൊലീസിനും ഭരണകൂടത്തിനും നിയമത്തെ തങ്ങൾക്കിഷ്ടമുള്ള രീതിയിൽ വ്യാഖ്യാനിക്കാൻ അവസരം നൽകുന്നുണ്ട്. പല കേസുകളിലും വ്യക്തമായ വിദ്വേഷ പരാമർശങ്ങൾ പോലും കോടതികളിൽ തിരിച്ചറിയപ്പെടാതെ പോകുന്നുവെന്നത് ഗൗരവകരമാണ്. രജിസ്റ്റർ ചെയ്യപ്പെടുന്ന ചുരുക്കം കേസുകളിൽ പോലും പ്രതികൾ വിട്ടയയ്ക്കപ്പെടുന്ന സാഹചര്യം നിയമസംവിധാനങ്ങളുടെ പരാജയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. കോടതി നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാരുകൾ കർശനമായി നടപ്പാക്കാത്തതാണ് വിദ്വേഷ പ്രസംഗങ്ങൾ തടയുന്നതിൽ പ്രധാന തടസ്സമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.