വിദ്വേഷ പ്രസംഗം: എം.എൽ.എ അബ്ബാസ് അൻസാരിക്ക് രണ്ട് വർഷം തടവ്

ലഖ്നോ: സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്‌.ബി.‌എസ്‌.പി) അംഗവും എം.എൽ.എയുമായ അബ്ബാസ് അൻസാരിക്ക് തടവ് ശിക്ഷ വിധിച്ച് ഉത്തർപ്രദേശ് പ്രത്യേക കോടതി. രണ്ട് വർഷമാണ് ശിക്ഷ കാലയളവ്. വിധിയെ തുടർന്ന് അൻസാരിയെ നിയമസഭയിൽ നിന്ന് അയോഗ്യനാക്കി. 2022 മാർച്ച് 3 ന് പഹാർപൂർ മൈതാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിനാണ് അൻസാരിക്കെതിരെ കേസെടുത്തത്. മൂന്ന് വർഷത്തിന് ശേഷമാണ് കേസ്പരിഗണിക്കുന്നത്.

ഇതേ കേസിലെ മറ്റൊരു പ്രതിയായ മൻസൂർ അഹമ്മദ് അൻസാരിക്കും കോടതി ശിക്ഷ വിധിച്ചു. മൻസൂരിന് ആറ് മാസം തടവ് ശിക്ഷയാണ് വിധിച്ചത്. ഇരുവർക്കും പിഴയും ചുമത്തിയിട്ടുണ്ട്. അബ്ബാസിന്റെ ഇളയ സഹോദരൻ ഉമർ അൻസാരിയും ഈ കേസിൽ പ്രതിയാണെന്ന് പ്രോസിക്യൂഷൻ ഓഫീസർ ഹരേന്ദ്ര സിംങ് പറഞ്ഞു. ഉമറിനെതിരായ വിചാരണ പുരോഗമിക്കുകയാണ്. സാക്ഷികളെ കോടതി വിസ്തരിക്കുകയാണ്.

ഐ.പി.സി സെക്ഷൻ 171-എഫ് (തെരഞ്ഞെടുപ്പിൽ അനാവശ്യ സ്വാധീനം ചെലുത്തൽ അല്ലെങ്കിൽ ആൾമാറാട്ടം), 189 (പൊതുപ്രവർത്തകനെ പരിക്കേൽപ്പിക്കുമെന്ന ഭീഷണി), 153-എ (മതം, വംശം, താമസസ്ഥലം തുടങ്ങിയ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 505 (പൊതുജനങ്ങൾക്ക് ദോഷം വരുത്തുന്ന പ്രസ്താവനകൾ), 120-ബി (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയതെന്ന് പ്രോസിക്യൂഷൻ ഓഫീസർ പറഞ്ഞു. വിധിക്കെതിരെ അപ്പീൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.പിയിലെ മൗവിൽ നടന്ന പൊതു റാലിക്കിടെയായിരുന്നു അബ്ബാസ് അൻസാരിയുടെ വിവാദ പരാമർശം. കണക്കുകൾ തീർക്കാനുള്ളതിനാൽ അധികാരത്തിലേറിയ ശേഷം ആറു മാസത്തേക്ക് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റങ്ങൾ നടത്തരുതെന്ന് അഖിലേഷ് യാദവിനോട് താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു അദ്ദേഹം പ്രസംഗിച്ചത്.

പ്രസംഗത്തിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് എ.ഡി.ജി പ്രശാന്ത് കുമാർ അന്വേഷണത്തിന് ഉത്തരവിട്ടതും കേസെടുത്തതും. ക്രിമിനൽ കേസുകളിലെ പ്രതിയും നിരവധി തവണ എം.എൽ.എയുമായ മുഖ്താർ അൻസാരിയുടെ മകനാണ് അബ്ബാസ് അൻസാരി.

2022 ൽ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അബ്ബാസ് അൻസാരിയെ അറസ്റ്റ് ചെയ്തിരുന്നു. സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് ഈ വർഷം മാർച്ചിൽ അബ്ബാസ് ജയിൽ മോചിതനായി.

Tags:    
News Summary - Hate speech: MLA Abbas Ansari sentenced to two years in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.